ആറളത്ത് പുതിയയിനം ചിത്രശലഭത്തെ കണ്ടെത്തി


മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ സഹകരണത്തോടെ ആറളം വന്യജീവിസങ്കേതത്തിൽ നടത്തിയ ചിത്രശലഭ സർവേയിൽ പുതിയൊരിനം ശലഭത്തെക്കൂടി കണ്ടെത്തി. ഇതോടെ ആറളത്ത് 262 ഇനം ശലഭങ്ങളായി. കഴിഞ്ഞ 20 വർഷമായി നടക്കുന്ന സർവേയിൽ 261 സ്പീഷീസ് ശലഭങ്ങളെയാണ് വന്യജീവിസങ്കേതത്തിൽ കണ്ടെത്തിയിട്ടുള്ളത്. പുതുതായി കണ്ടെത്തിയത് വാലൻ നീലാംബരിശലഭമാണ്.


കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ പരിമിതമായ അംഗങ്ങളെ ഉൾപ്പെടുത്തി വന്യജീവിസങ്കേതത്തിലെ പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, അമ്പലപ്പാറ, പരിപ്പുതോട് കൊട്ടിയൂർ വന്യജീവിസങ്കേതത്തിലെ സൂര്യമുടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. ഇരുപതോളം ചിത്രശലഭനിരീക്ഷകർ സർവേയിൽ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതം വൈൽഡ്‌ ലൈഫ് വാർഡൻ എ.ഷജ്‌ന, അസി. വൈൽഡ്‌ലൈഫ് വാർഡൻ എൻ.അനിൽകുമാർ, ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, കൺസർവേഷൻ ബയോളജിസ്റ്റ് നിതിൻ ദിവാകർ, ചിത്രശലഭനിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.

ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനത്തിനുപുറമെ ശലഭവൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനങ്ങളും നടന്നു. കേരളത്തിൽ ഇത്രയധികം ശലഭവൈവിധ്യമുള്ള മറ്റൊരു സംരക്ഷിതവനമേഖലയും ഇല്ലെന്ന് നിരീക്ഷകർ പറഞ്ഞു.

ഈ വർഷത്തെ സർവേയിൽ 161 ഇനം ചിത്രശലഭങ്ങളെയാണ് കണ്ടെത്തിയത്. ബുദ്ധമയൂരിയെയും അപൂർവമായ നീലഗിരി പാപ്പാത്തിയെയും സർവേയിൽ നിരീക്ഷിച്ചു.


മുൻവർഷങ്ങളെ അപേക്ഷിച്ച് ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനം കുറവാണ്. വെള്ളപ്പൊക്കത്തെത്തുടർന്ന് പുഴയോരത്തെ മൺതിട്ടകളുടെ നാശവും കാലംതെറ്റിയുള്ള മഴയും ശലഭങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്

Post a Comment

Previous Post Next Post

Join Whatsapp

Advertisement