യുഡിഎഫ് തട്ടകത്തില്‍ എല്‍ഡിഎഫിന് അട്ടിമറി വിജയം; കളമശേരിയില്‍ ഭരണം ലഭിച്ചേക്കും


കളമശേരി നഗരസഭയിലെ 37-ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി റഫീഖ് മരയ്ക്കാര്‍ 64 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇദ്ദേഹത്തിന് 308 വോട്ട് ലഭിച്ചു. യുഡിഎഫിലെ ലീഗ് സ്ഥാനാര്‍ഥി സമീലിനെയാണ് റഫീഖ് തോല്‍പ്പിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സമീലിന് 244 വോട്ട് കിട്ടി. യുഡിഎഫിലെ തന്നെ വിമത സ്ഥാനാര്‍ത്ഥി 207 വോട്ട് നേടി. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 13 വോട്ടാണ് നേടാനായത്. ഇതോടെ നഗരസഭയില്‍ കക്ഷിനില 20-21 എന്നായി.

സ്വതന്ത്ര സ്ഥാനാര്‍ഥി തെള്ളിയില്‍ ജെ മാത്യുവിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. 42 വാര്‍ഡുകളുള്ള നഗരസഭയില്‍ യുഡിഎഫിന് 19, എല്‍ഡിഎഫിന് 18, യുഡിഎഫ് വിമതര്‍ രണ്ട്, സ്വതന്ത്ര ഒന്ന്, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ചെയര്‍പേഴ്സണ്‍ തെരെഞ്ഞെടുപ്പില്‍ ഒരു യുഡിഎഫ് വിമതനും സ്വതന്ത്ര അംഗവും എല്‍ഡിഎഫിനെയും, ഒരു യുഡിഎഫ് വിമതന്‍ യുഡിഎഫിനെയും പിന്തുണച്ചതോടെ മുന്നണികളുടെ കക്ഷിനില 20-20 എന്ന നിലയിലായി. തുടര്‍ന്ന് നറുക്കപ്പിലൂടെ ഭരണം യുഡിഎഫിന് ലഭിക്കുകയായിരുന്നു.

സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്. 78.24 ശതമാനമായിരുന്നു ആകെ പോളിംഗ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement