തിരുവനന്തപുരം: മദ്യത്തിന്റെ വില വർധിപ്പിച്ചതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്‌ടർക്ക് കത്ത് നൽകി. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, ബെവ്‌കോ എംഡി എന്നിവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.
ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വില വർധിപ്പിച്ചത് അഴിമതിയാണെന്ന് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയത്. മദ്യവില വർധിപ്പിച്ചതിൽ 200 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം, ചെന്നിത്തല ആവശ്യപ്പെട്ടു.
മദ്യം നിർമിക്കുന്നതിന് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ വിലയിലുണ്ടായ വർധനവ് ചൂണ്ടിക്കാട്ടിയാണ് മദ്യത്തിന്റെ വില വർധിപ്പിക്കാൻ സർക്കാർ തയാറായത്. 7 ശതമാനമായാണ് വില വർധിപ്പിച്ചത്. ഇത് ഒരു പ്രത്യേക കമ്പനിയെ സഹായിക്കാനാണെന്നും അവർക്ക് 200 കോടിയിലധികം രൂപയുടെ ലാഭമുണ്ടാക്കി കൊടുക്കാൻ വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നുമാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്.

Post a Comment