അഭയ കൊലക്കേസ്; പ്രതികൾ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും






കൊച്ചി: സിസ്‌റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും സിസ്‌റ്റർ സെഫിയും വിധിക്കെതിരെ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കും. കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടെ വിധി ചോദ്യം ചെയ്‌താണ്‌ പ്രതികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.

മുതിർന്ന അഭിഭാഷകൻ ബി രാമൻപിള്ള മുഖേനയാണ് അപ്പീൽ നൽകുക. സാക്ഷി മൊഴികൾ മാത്രം അടിസ്‌ഥാനമാക്കി കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്ന വാദമാണ് പ്രതികൾ ഉന്നയിക്കുന്നത്. കേസിലെ സാക്ഷി രാജുവിന്റെ മൊഴിയിലെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടേക്കും. കൂടാതെ അപ്പീൽ തീർപ്പാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്‌റ്റേ ചെയ്യണമെന്നും ഹരജിയിൽ ആവശ്യപ്പെടും.

2020 ഡിസംബർ 23നാണ് സിസ്‌റ്റർ അഭയ കേസിലെ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം കോട്ടൂരിനും സിസ്‌റ്റർ സെഫിക്കും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്‌റ്റർ സെഫിയെ ജീവപര്യന്തത്തിനും ആണ് ശിക്ഷിച്ചത്.

പ്രതികൾ അഞ്ച് ലക്ഷം രൂപ പിഴയും അടക്കണം. കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.

28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കേസില്‍ വിധി വരുന്നത്. 1992ലാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ സിസ്‌റ്റർ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും പിന്നീട് കേസ് ക്രൈംബ്രാഞ്ചും ആത്‌മഹത്യയെന്ന് എഴുതിത്തള്ളിയ കേസാണ് സിബിഐയുടെ അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിഞ്ഞത്.

1993 മാര്‍ച്ച് 23നാണ് കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ സിബിഐ കേസ് ഏറ്റെടുത്തത്. ഒരു വര്‍ഷവും മൂന്നര മാസവും കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് കേസിൽ വിധി പറഞ്ഞത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement