ലോകത്തിലെ മഞ്ഞുമൂടിയ പ്രദേശമായ സൈബീരിയയിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ കാട്ടുതീ. ജർമനിയിൽ നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയം. ചൈനയിൽ 1000 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. ബെൽജിയത്തിലും നെതർലൻഡ്സിലും ഓസ്ട്രിയയിലും അംഗോളയിലും ഒമാനിലും അതിവർഷവും മിന്നൽ പ്രളയവും. അമേരിക്കയിലും കാനഡയിലും കടുത്ത ചൂടും കാട്ടുതീയും. ഇന്ത്യയിൽ പലയിടങ്ങളിലും മേഘവിസ്ഫോടനങ്ങളും പ്രളയവും ചുഴലിക്കാറ്റും. കോവിഡ് മഹാമാരിയിൽ പകച്ചു നിൽക്കുന്ന ലോകത്തിന് കൂനിൽമേൽ കുരു പോലെയായിരിക്കുകയാണ് അതിദ്രുത കാലാവസ്ഥാ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ദുരിതങ്ങൾ. ഫോസിൽ ഇന്ധനങ്ങളുടെ കടിഞ്ഞാണില്ലാത്ത ഉപയോഗവും അതുമൂലമുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ നിർഗമനവും മൂലം വലിയൊരു കാലാവസ്ഥാ ബോംബിനു മുകളിലാണു ലോകമിന്നിരിക്കുന്നത്.
അപ്രതീക്ഷിത പ്രളയങ്ങളും കാട്ടുതീയും ചുഴലിക്കാറ്റും മറ്റും സൃഷ്ടിക്കുന്ന ജീവനാശം മുൻപെന്നേക്കാളുമധികം ലോകരാജ്യങ്ങളെ ഭീതിയുടെ മുൾമുനയിലാക്കുന്നു. കോവിഡ് തകർത്തെറിഞ്ഞ സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവനത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോൾ തന്നെ സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങൾ നേരിടാനെന്തു ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണു ഭരണാധികാരികൾ. നൂറ്റാണ്ടുകളായി തുടർന്നുപോരുന്ന തെറ്റായ വികസന നയങ്ങൾ അപകടകരമായൊരു ആത്മഹത്യാ മുനമ്പിന്റെ വക്കിലാണു തങ്ങളെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നതെന്നു ലോകം തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷേ, സമയം വൈകിപ്പോയോ എന്ന സംശയം പ്രകടിപ്പിക്കുകയാണു കാലാവസ്ഥാ വിദഗ്ധരടങ്ങുന്ന ശാസ്ത്ര സമൂഹം.
എന്തു തന്നെയായാലും ലോകരാഷ്ട്രങ്ങൾ ഒരുമിച്ചു യുദ്ധസമാന തെറ്റുതിരുത്തൽ നടപടികൾ ഉടനെടുത്തില്ലെങ്കിൽ ലോകത്തിലെ വലിയൊരു ശതമാനം ജനങ്ങൾ വരും വർഷങ്ങളിൽ അവരുടെ നേതാക്കളുടെ ഭ്രാന്തൻ വികസനനയങ്ങൾ സൃഷ്ടിച്ച കാലാവസ്ഥാ അടിയന്തരാവസ്ഥയുടെ ഇരകളായി മാറി ഒടുങ്ങുമെന്നുറപ്പ്. കാനഡിലും അമേരിക്കയിലെ കലിഫോർണിയയിലും സംഹാരതാണ്ഡവമാടിയ കാട്ടുതീയിൽ നിന്നുയർന്ന പുക 4800 കിലോമീറ്റർ അകലെയുള്ള ന്യൂയോർക്ക് നഗരത്തിൽ വരെ ദൃശ്യമായി എന്നറിയുമ്പോൾ ആ കാലാവസ്ഥാ ദുരന്തത്തിന്റെ ഭീകരത വ്യക്തമാകും. അതുമാത്രമല്ല, ന്യൂയോർക്കിലെ വായു മലിനീകരണം കഴിഞ്ഞ 14 വർഷത്തെ ഏറ്റവും മോശം നിലയിലേക്കു പതിക്കാനും ആ പുക കാരണമാകുകയും ചെയ്തു.
Post a Comment