കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കൊച്ചിയില്‍ നടന്ന ഐഎന്‍എല്‍ യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ ചേരിതിരിഞ്ഞ് തമ്മിലടി. സെൻട്രൽ പൊലീസ് നൽകിയ നോട്ടീസ് അവഗണിച്ച് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന യോഗത്തെത്തുടര്‍ന്നാണ് പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ സാന്നിധ്യത്തിലാണ് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും കൂട്ടത്തല്ല്. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചുവരികയാണ്.
പിഎസ്‌സി ബോര്‍ഡ് അംഗ വിവാദം, സ്റ്റാഫ് നിയമനം, ലീഗ് അബ്ദുള്‍ വഹാബ് എംപിയുടെ കൈയ്യില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങിയ സംഭവം ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ ഇതിനകം സംഘടനക്കുള്ളില്‍ നില്‍ക്കുന്നുണ്ട്. ഇതിന് പുറമേ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ യോഗം നടത്തുന്നത് കൂടി ചൂണ്ടിക്കാട്ടിയതോടെ പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം വിമര്‍ശനമുയര്‍ത്തിയതാണ് പിന്നീട് കയ്യാങ്കളിയില്‍ കലാശിച്ചത്.ലോക്ഡൗൺ പശ്ചാത്തലത്തിൽ യോഗം നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് ജില്ലാ കമ്മിറ്റി അംഗം മനാഫ് മുന്‍പ് പ്രതികരിച്ചിരുന്നു. സംസ്ഥാന കമ്മിറ്റി പറഞ്ഞതനുസരിച്ചാണ് യോഗമെന്നായിരുന്നു ജില്ലാ സെക്രട്ടറി കെ.എം.എ ജലീലിന്റെ പ്രതികരണം.
ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെയാണ് പ്രതിഷേധമുണ്ടായത്. സംസ്ഥാന പ്രസിഡൻറ് അബ്ദുൾ വഹാബിൻ്റെ നേതൃത്വത്തിലlയിരുന്നു പ്രതിഷേധം. അസിസ്റ്റൻ്റ് കമ്മീക്ഷണർ ലാൽജിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാല്‍ കണ്‍മുന്നില്‍ നടന്ന പരസ്യമായ കയ്യാങ്കളിയോട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിക്കാതിരിക്കുകയായിരുന്നു. പൊലീസെത്തി മന്ത്രിയെ സുരക്ഷിതമായ സ്ഥലത്തെത്തിച്ചു.

Post a Comment