കനത്തമഴയില്‍ ചെന്നൈ നഗരത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയില്‍. ഇന്നലെ ഉച്ചയ്ക്കു തുടങ്ങിയ മഴയ്ക്കു ഇന്നു നാലുമണിക്കു ശേഷമാണു ശമനമുണ്ടായത്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം രാത്രിയോടെ ചെന്നൈയ്ക്കു സമീപം തീരം തൊടും. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന വലയം ആന്ധ്രപ്രദേശിന്റെ തീരത്തേക്കു നീങ്ങിയതിനാല്‍ രാത്രി ചെന്നൈയില്‍ അതിശക്തമായ മഴയ്ക്കു സാധ്യതിയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍
ഇന്നലെ ഉച്ചയ്ക്കു തുടങ്ങിയ മഴ ഒന്നടങ്ങിയതു 24 മണിക്കൂറിലെ നീണ്ട പെയ്ത്തിനു ശേഷമാണ്. ഇതിനിടയ്ക്കു ചെന്നൈ നഗരത്തിന്റെ എതാണ്ട് എല്ലാ ഭാഗങ്ങളിലും വെള്ളം കയറി.രാവിലെ മുതല്‍ മഴയ്ക്കൊപ്പം കാറ്റുംകൂടി തുടങ്ങിയതോടെ ദുരിതം ഇരട്ടിയായി. മരങ്ങള്‍ വ്യാപകമായി കടപുഴകി വീണു. ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചതു തുടരുകയാണ്. ഒന്നരമുതല്‍ ചെന്നൈയിലിറങ്ങേണ്ട വിമാനങ്ങള്‍ ബംഗളുരുവിലേക്കും ഹൈദരാബാദിലേക്കും തിരിച്ചുവിട്ടിരിക്കുകയാണ് .ചെമ്പരപാക്കം ,പുഴല്‍ ,പൂണ്ടി തടാകങ്ങളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴിക്കിവിടുന്നതു തുടരുന്നു.
മറീന ബീച്ചില്‍ പ്രവേശനം നിരോധിച്ചു.സബേര്‍ബന്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ വെട്ടിക്കുറച്ചു. വാണിജ്യ കേന്ദ്രങ്ങളായ ടി.നഗര്‍,പാരിസ് ,തേനാംപേട്ട് ,താമസസ്ഥലങ്ങളായ അണ്ണാനഗര്‍,കെ,കെ നഗര്‍ , വ്യവസായ കേന്ദ്രങ്ങളായ ഗിണ്ടി,അമ്പത്തൂര്‍ ,ആവടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒരുപോലെ വെള്ളമെത്തിയതോടെ നഗരജീവിതം സ്തംഭിച്ചു.

Post a Comment