ചുരുളി ഈ മാസം 19 ന് ഒടിടിയിൽ


ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ചുരുളി’ ഈ മാസം 19ന് ഒടിടിയിൽ റിലീസാവും. സോണിലൈവ് ആണ് പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം സ്ട്രീം ചെയ്യുക. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം ടൈം ലൂപ്പ്, സൈഫൈ/ഹൊറർ സിനിമയാണ്. ചിത്രത്തിൻ്റെ ട്രെയിലർ റിലീസായിട്ടുണ്ട്.

സോണിലിവിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്തുവിട്ടത്. ടൈം ലൂപ്പിൽ കുടുങ്ങുന്ന മയിലാടുംപറമ്പിൽ ജോയ് എന്നയാളെ തിരഞ്ഞ് പോകുന്ന ചില ആൾക്കാരുടെ കഥയാണ് ചുരുളി. സിനിമയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയും ട്രെയിലർ നൽകുന്നു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ച ആവേശമുണർത്തുന്ന ട്രെയിലറാണ് പുറത്തുവന്നിരിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്കിയും ഒപസ് പെന്റയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. ഹരീഷാണ്. മധു നീലകണ്ഠനാണ് ക്യാമറ. എഡിറ്റർ ദീപു ജോസഫ്. ശീരാഗ് സജിയാണ് പശ്ചാത്തല സംഗീതം. ജോജു ജോർജ്, ചെമ്പൻ വിനോദ്, വിനയ് ഫോർട്ട് , ജാഫർ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.

ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (ഐ.എഫ്.എഫ്.കെ) പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

പതിവ് കഥപറച്ചിൽ രീതിയിൽ നിന്ന് മാറി വ്യത്യസ്ത പ്രമേയങ്ങൾ വിസ്മയിപ്പിക്കുന്ന രീതിയിൽ അവതരിപ്പിച്ച് ലോകശ്രദ്ധ തന്നെ നേടിയ അപൂർവം മലയാള സിനിമാ സംവിധായകരിലൊരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. അങ്കമാലി ഡയറീസ്, ജല്ലിക്കട്ട്, ആമേൻ, ഈ.മ.യൗ. തുടങ്ങിയവയാണ് ലിജോയുടെ മറ്റു ചിത്രങ്ങൾ.

Post a Comment

Previous Post Next Post

Join Whatsapp

Advertisement