ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സെമിഫൈനല്‍ സാധ്യതകള്‍ക്കായി പൊരുതുന്ന ഇന്ത്യക്ക് നിര്‍ണായക മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ 86 റണ്‍സ് വിജയലക്ഷ്യം. സെമി സാധ്യത നിലനിര്‍ത്താന്‍ വന്‍ ജയം വേണമെന്ന നിലയില്‍ കളത്തിലിറങ്ങിയ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെ 17.4 ഓവറില്‍ വെറും 85 റണ്‍സിന് എറിഞ്ഞൊതുക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ സെമി സാധ്യത നിലനിര്‍ത്താന്‍ കൂറ്റന്‍ ജയം അനിവാര്യമായ ഇന്ത്യക്ക് സ്‌കോട്ട്‌ലന്‍ഡിന്റെ ഈ കുറഞ്ഞ സ്‌കോര്‍ എത്രയും വേഗം ചേസ് ചെയ്ത് കീഴടക്കാനാകും ശ്രമിക്കുക. 7.1 ഓവറില്‍ ഈ സ്‌കോര്‍ കീഴടക്കാനായാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന്റെ റണ്‍റ്റേ് മറികടക്കാന്‍ ഇന്ത്യക്കാകും.
നാലോവറില്‍ 15 റണ്‍സ് വഴങ്ങി മുന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവീന്ദ്ര ജഡേജയും മൂന്നോവറില്‍ 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയുമാണ് സ്‌കോട്ടിഷ് പടയെ ചുരുട്ടിക്കെട്ടിയത്. 3.4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറ ഇവര്‍ക്കു മികച്ച പിന്തുണ നല്‍കി. രവിചന്ദ്രന്‍ അശ്വിനാണ് ഒരു വിക്കറ്റ്.
ഏറെ നാളുകള്‍ക്കു ശേഷം ടോസിലെ ഭാഗ്യം പിറന്നാള്‍ ദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ ഇന്നു തുണച്ചപ്പോള്‍ ഇന്ത്യ സ്‌കോട്ട്‌ലന്‍ഡിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. സ്‌കോട്ടിഷ് നിരയില്‍ വെറും നാലു പേര്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. 19 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 24 റണ്‍സ് നേടിയ ഓപ്പണര്‍ ജോര്‍ മണ്‍സേയാണ് അവരുടെ ടോപ് സ്‌കോറര്‍.
12 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 21 റണ്‍സ് നേടിയ മൈക്കല്‍ ലീസ്‌ക്, 28 പന്തുകളില്‍ നിന്ന് 16 റണ്‍സ് നേടിയ കാളം മക്‌ലീഡ്, 13 പന്തുകളില്‍ നിന്ന് 14 റണ്‍സ് നേടിയ മാര്‍ക്ക് വാട്ട് എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരേ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. സ്പിന്‍ വിക്കറ്റായതിനാല്‍ മൂന്നു സ്പിന്നര്‍മാരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ഷാര്‍ദ്ദൂല്‍ താക്കൂര്‍ പുറത്തുപോയപ്പോള്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി തിരിച്ചെത്തി. സ്‌കോട്ടിഷ് നിരയില്‍ മാറ്റങ്ങളൊന്നുമില്ല.
Post a Comment