കണ്ണൂരിൽ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വിവരങ്ങള്‍ പുറത്ത്. കണ്ണൂര്‍ തലശ്ശേരി ന്യൂ മാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസിനെതിരെ (54) നടന്നത് ക്രൂരമായ ആക്രമണമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഹരിദാസിന്റെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പുര്‍ത്തിയായതിന് പിന്നാലെയാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ലഭ്യമായത്.
ഹരിദാസിന്റെ ഇടത് കാല്‍ മുട്ടിന് താഴെ വച്ച് മറിച്ച് മാറ്റി, മുറിവുകളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം ശരീരം വികൃതമാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ ഇരുപതിലധികം വെട്ടുകളേറ്റതിന്റെ മുറിവുകളുണ്ട്. മുറിവുകളില്‍ അധികവും അരയ്ക്ക് താഴെയാണ്. ഇടത് കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഹരിദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ് എന്നും ആറ് സംഘങ്ങളായാണ് അന്വേഷണം നടക്കുന്നത് എന്നും കമ്മീഷണര്‍ വ്യക്തമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കഴിഞ്ഞ ദിവസം വിവാദ പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലറെയും കസ്റ്റിഡിയില്‍ എടുക്കുമെന്നും കമ്മീഷണര്‍ പ്രതികരിച്ചു.
സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ട പുന്നോല്‍ സ്വദേശി ഹരിദാസ്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് രണ്ട് മണിക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് ഉത്സവവുമായി ബന്ധപ്പെട്ട് പുന്നോലില്‍ സിപിഐഎം- ആര്‍എസ്എസ് സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ ബാക്കിപത്രമാണ് കൊലയെന്നാണ് ആക്ഷേപം.
വീടിനു സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാല്‍ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി. തടയാന്‍ ശ്രമിച്ച സഹോദരന്‍ സുരനും വെട്ടേറ്റു. . ഇവരുടെ കണ്‍മുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment