അണ്ടലൂർ: അണ്ടലൂർ ക്ഷേത്രോത്സവം ഞായറാഴ്ച ആരംഭിക്കും . കോവിഡ് മാനദണ്ഡം പാലിച്ച് ആചാരപരമായ ചടങ്ങുകൾ മാത്രമായി ഉത്സവം നടത്താൻ വ്യാഴാഴ്ച വൈകിട്ട് ചേർന്ന ക്ഷേത്ര കമ്മിറ്റി യോഗം തീരുമാനിച്ചു
പാരമ്പര്യ ട്രസ്റ്റിമാരായ പനോളി മുകുന്ദനച്ചൻ, തട്ടാലിയത്ത് ഗിരീശനച്ചൻ, വളപ്പിൽ ഭാസ്കരനച്ചൻ, പാരമ്പര്യേതര ട്രസ്റ്റിമാരായ അരയാക്കണ്ടി സലീം, പാലക്കണ്ടി വിനോദ്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം.മനോഹരൻ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചാലാടൻ വിജയൻ, സെക്രട്ടറി കെ.വേലായുധൻ, നാല് ദേശക്കമ്മിറ്റികളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ ചടങ്ങുകളിലും നിലവിലെ കോവിഡ് മാനദണ്ഡപ്രകാരം ക്ഷേത്ര ഊരാളന്മാരുൾപ്പെടെ 50-ൽ താഴെ പേരാണ് പങ്കെടുക്കുക. ഞായറാഴ്ച തേങ്ങതാക്കൽ ചടങ്ങോടെയാണ് ഉത്സവാരംഭം.
തിങ്കളാഴ്ച ചക്കതാക്കലും ചക്ക കൊത്തലും, ചൊവ്വാഴ്ച മേലൂർ മണലിൽനിന്നുള്ള കുടവരവ്, ബുധനാഴ്ച മുതൽ കെട്ടിയാട്ടങ്ങൾ എന്നിവയാണ് നടക്കുക. കോവിഡ് മാനദണ്ഡങ്ങളിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചാൽ അതിനനുസരിച്ച മാറ്റങ്ങൾ വരുത്താമെന്നും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.

Post a Comment