പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി. തൊഴുത്തിലുണ്ടായിരുന്ന പശുക്കിടാവിനെ പുലി ഭക്ഷണമാക്കി. അകത്തേത്തറ പഞ്ചായത്തിൽ ഒരു മാസത്തിനിടെ പതിനാറ് ഇടങ്ങളിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും വനം വകുപ്പിന് മെല്ലെപ്പോക്കെന്നാണ് പരാതി.
പുലിക്കോട്ടിൽ തോമസിന്റെ പശുക്കിടാവിനെയാണ് പുലി ഭക്ഷണമാക്കിയത്.കൃഷിയിടം പൂർണമായും കാട്ടാന നശിപ്പിച്ചതോടെ തോമസിന്റെ പ്രതീക്ഷയായിരുന്നു കാലി വളർത്തൽ. പുലിയുടെ ആക്രമണത്തിൽ ഈ പ്രതീക്ഷയും നഷ്ടപ്പെട്ടു. കടം വാങ്ങിയ പണം എങ്ങനെ തിരികെ നൽകുമെന്ന ചിന്തയിലാണ് തോമസിന്റെ കുടുംബം.
തോമസിന്റെ മാത്രം അനുഭവമല്ലിത്. അകത്തേത്തറ പഞ്ചായത്തിലെ നിരവധി വളർത്തുമൃഗങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പുലിക്ക് ഇരയായി. പുലിയുടെ ആക്രമണം ഉണ്ടായാൽ വനംവകുപ്പ് അധികൃതർ എത്തി പതിവുപോലെ കൂട് വെച്ച് മടങ്ങും. അത്രമാത്രം. വനംവകുപ്പ് ജീവനക്കാർക്ക് ഓഫീസിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സമരത്തിന് ബിജെപി നേതൃത്വം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണ കുമാർ.
പുലി അധികം വൈകാതെ കെണിയിലാകുമെന്ന് മാത്രമാണ് വനം വകുപ്പിന്റെ പ്രതികരണം. മൃഗങ്ങളെ ആക്രമിക്കുന്ന പുലി ഏതെങ്കിലും സാഹചര്യത്തിൽ നാട്ടുകാരുടെ നേർക്ക് തിരിയുമോ എന്നതാണ് ജനങ്ങളുടെ ആശങ്ക.

Post a Comment