മരുന്നിനും കുടിവെള്ളത്തിനും വില കൂടും; നാളെ മുതല്‍ ജനജീവിതത്തില്‍ വരുന്ന മാറ്റങ്ങളറിയാം



പുതിയ സാമ്പത്തിക വര്‍ഷം നാളെ ആരംഭിക്കുമ്പോള്‍ ജനജീവിതത്തെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് നാളെ മുതല്‍ തുടക്കമാകുന്നത്. കുടിവെള്ളം മുതല്‍ ആവശ്യമരുന്നുകള്‍ക്ക് വരെ വില കൂടുമ്പോള്‍ വഴി തടയാന്‍ ടോളുകളും നിരവധിയാണ്. കേന്ദ്ര ബജറ്റിന്റെ ഭാഗമായുള്ള പുതിയ നികുതി നിര്‍ദേശങ്ങളും ഒന്നു മുതല്‍ നിലവില്‍ വരും.



ഭൂമിയുടെ ന്യായവില ഉയര്‍ത്താനുള്ള ബജറ്റ് തീരുമാനം നാളെ മുതല്‍ നടപ്പാകുന്നതിനൊപ്പം ഭൂനികുതിയും ഭൂമിയുടെ രജിസ്‌ട്രേഷന്‍ നിരക്കും ഉയരും. ഈ സാമ്പത്തികവര്‍ഷം മുതല്‍ ഭൂനികുതിയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഒരു ആര്‍ അഥവാ 2.47 സെന്റ് അടിസ്ഥാനമാക്കിയാണ് ഭൂനികുതി കണക്കാക്കുന്നത്. പഞ്ചായത്തില്‍ 8.1 ആര്‍ വരെയും നഗരസഭകളില്‍ 2.43 ആര്‍ വരെയും കോര്‍പറേഷനുകളില്‍ 1.62 ആര്‍ വരെയും ഭൂനികുതി ഇരട്ടിയാകും. ഭൂനിയുടെ ന്യായവിലയും വര്‍ധിക്കും. ഇതിന് അനുസൃതമായി രജിസ്‌ട്രേഷന്‍ നിരക്കും സ്റ്റാംപ് ഡ്യൂട്ടിയും വര്‍ധിക്കും.



ഡീസല്‍ വാഹനങ്ങളുടെ വിലയും രജിസ്‌ട്രേഷന്‍ പുതുക്കല്‍ നിരക്കും കൂടും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഹരിത നികുതി നടപ്പിലാകുന്നതോടെയാണ് ഡീസല്‍ വാഹനങ്ങള്‍ക്കും വില ഉയരുന്നത്. ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള ഡീസല്‍ വാഹനങ്ങള്‍ക്കാണ് ഹരിത നികുതി ബാധകമാകുക. ചെറു കാറുകള്‍ക്ക് ആയിരവും ഇടത്തരം വാഹനങ്ങള്‍ക്ക് 1500 രൂപയും ഹെവി വാഹനങ്ങള്‍ക്ക് 2000 രൂപയുമാണ് ഹരിത നികുതി. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനുള്ള നിരക്കും കൂടും.

കുടിവെള്ളത്തിന് വലിയ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് സാധാരണക്കാരുടെ മാസ ബജറ്റ് താളംതെറ്റിക്കും. ആയിരം ലിറ്റര്‍ മുതല്‍ പതിനയ്യായിരം ലിറ്റര്‍ വരെ ഉപയോഗിക്കുന്ന 36 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കാണ് വിലവര്‍ധനവ് കൂടുതല്‍ ബാധിക്കുക. ആയിരം ലിറ്ററിന് 4.20 പൈസ നല്‍കിയിരുന്ന സ്ഥാനത്ത് ഇനി 4.41 പൈസ നല്‍കണം.


സാധാരണക്കാരെ സാരമായി ബാധിക്കുന്ന മറ്റൊന്നാണ് മരുന്നുകളുടെ വില വര്‍ധന. ഏകദേശം നാല്‍പ്പതിനായിരത്തോളം മരുന്നുകള്‍ക്കാണ് ഏപ്രില്‍ ഒന്നു മുതല്‍ വില കൂടുന്നത്. പനി വന്നാല്‍ കഴിക്കുന്ന പാരസെറ്റമോള്‍ മുതല്‍ ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് ഉള്‍പ്പടെ നിത്യവും ഉപയോഗിക്കുന്ന മരുന്നുകളുടെ വിലയും കൂട്ടിയിട്ടുണ്ട്.

2022 ലെ കേന്ദ്ര ബജറ്റിന്റെ ഭാഗമായി ക്രിപ്‌റ്റോകറന്‍സിയ്ക്കും ഡിജിറ്റര്‍ അസറ്റുകള്‍ക്കും 30ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാച്ചിരുന്നു. ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ചുമത്തുന്നതിന് 1961ലെ ആദായനികുതി നിയമത്തില്‍ തന്നെ വകുപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതു പ്രകാരമുള്ള നികുതി വര്‍ധന നാളെ മുതല്‍ നിലവില്‍ വരും.


Post a Comment

Previous Post Next Post

Join Whatsapp

Advertisement