പടിയൂർ ഇക്കോ പ്ലാനറ്റ് പദ്ധതി; ഒന്നാം ഘട്ടം 5 കോടി രൂപ അനുവദിച്ചു.


പഴശ്ശി ഇറിഗേഷന്‍ പദ്ധതി പ്രദേശത്ത് വിപുലമായ ഒരു ഇക്കോ ടൂറിസം പദ്ധതി നാട്ടുകാരുടെ ഒരു ദീര്‍ഘകാല സ്വപ്‌നമായിരുന്നു. നിരവധി തവണ പരിശ്രമിച്ചുവെങ്കിലും പദ്ധതി അനുവദിച്ച് കിട്ടിയിരുന്നില്ല. 

എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ വീണ്ടും ഒരു മെഗാ ടൂറിസം പദ്ധതിയുടെ പ്രപ്പോസല്‍ ഗവണ്‍മെന്റില്‍ സമര്‍പ്പിക്കുകയും അനുവാദത്തിനായി പരിശ്രമിക്കുകയും ചെയ്തു.
ഇത് സംബന്ധിച്ച് ആലോചിക്കുന്നതിന് മട്ടന്നൂർ നിയോജക മണ്ഡലം എം എൽ എ യും ടൂറിസം മന്ത്രിയും ഇറിഗേഷന്‍ മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തുകൊണ്ട് യോഗം ചേര്‍ന്നിരുന്നു. രണ്ട് മന്ത്രിമാരും ഈ പദ്ധതിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.
പഴശ്ശി പടിയൂര്‍ ഇക്കോ പ്ലാനെറ്റ് എന്ന പേരില്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് 5.66 കോടിയുടെ ഭരണാനുമതി നല്‍കിയതോടുകൂടി പദ്ധതി യാഥാര്‍ഥ്യമാവുകയാണ്.
ഇറിഗേഷന്‍ പ്രൊജക്ടിന്റെ പ്രകൃതി രമണീയമായ പരിസര പ്രദേശങ്ങളെയാകെ യോജിപ്പിച്ചുകൊണ്ടുള്ള ഒരു മെഗാ ടൂറിസം പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ പദ്ധതി രേഖ തയ്യാറാക്കി വരുന്നു. അതിന്റെ പ്രാധമിക പദ്ധതിയായാണ് ഇക്കോ പ്ലാനറ്റ് പദ്ധതി ഇപ്പോള്‍ ആരംഭിക്കുന്നത്. കേരളത്തിന്റെ വിനോദ സഞ്ചാര മേഖലകളില്‍ പ്രഥമഗണനീയമായ സ്ഥാനം പദ്ധതിക്ക് ഭാവിയില്‍ ഉണ്ടാവും. 

കണ്ണൂര്‍ വിമാനത്താവളത്തിന്റെ സാന്നിധ്യവും, ജലപാതയും യാഥാര്‍ഥ്യമാകുന്നതോടെ പഴശ്ശി ഇക്കോ ടൂറിസം പദ്ധതി പ്രദേശത്തേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങും. ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം കാത്തുസൂക്ഷിച്ചുകൊണ്ട് കൂടുതല്‍ പരിസ്ഥിതി സൗഹൃദമായ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. കേരളത്തിന്റെ ജൈവവൈവിധ്യത്തിന്റെ നേര്‍ പതിപ്പായി പദ്ധതി മാറും. ഭാവിയില്‍ ഗവേഷകര്‍ക്കും, പ്രകൃതിയെ കുറിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും, മാനസികോല്ലാസത്തിനായെത്തുന്ന സഞ്ചാരികള്‍ക്കും അറിവ് ലഭ്യമാകുന്നതിനും വിനോദത്തിലേര്‍പ്പെടുന്നതിനുമുള്ള കേരളത്തിലെ തന്നെ ഒന്നാമത്തെ കേന്ദ്രമാക്കി ഇക്കോ ടൂറിസം പദ്ധതിയെ മാറ്റുകയാണ് ഉദ്ദേശം. 

തൊട്ടടുത്തുതന്നെ ആയുര്‍വേദ ഗവേഷണ കേന്ദ്രം കൂടെ ഒരുങ്ങുന്നത് ഇക്കോ ടൂറിസം പദ്ധതിയുടെ സാധ്യതകളെ കൂടുതല്‍ വിപുലമാക്കുന്നു. മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ പൈതൃക പദ്ധതികളായ പഴശ്ശി സ്മൃതി മണ്ഡപം, തൊടീക്കളം ക്ഷേത്രം, പുരളിമലയിലെ ചിത്രവട്ടം തുടങ്ങിയ ടൂറിസം പദ്ധതികളും ഇതോടൊപ്പം തന്നെ ആരംഭിക്കുന്നുണ്ട്. ഇവയുള്‍പ്പെടെ മണ്ഡലത്തിലെയും സമീപ പ്രദേശത്തേയും ടൂറിസം കന്ദ്രങ്ങളെയാകെ ചേര്‍ത്തുകൊണ്ടുള്ള ഒരു ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്തിയെടുക്കുകയാണ് ലക്ഷ്യം. 

നിരവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്നതിനും അനുബന്ധ വികസനങ്ങള്‍ സാധ്യമാകുന്നതിനും ഈ പദ്ധതി സഹായകമാവും. പഴശ്ശി ഇറിഗേഷന്‍ പദ്ധതിയോട് ചേര്‍ന്നുള്ള പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണവും നടന്നുവരികയാണ്. 

ടൂറിസം മേഖലയില്‍ മട്ടന്നൂര്‍ അടയാളപ്പെടുത്താന്‍ പോകുന്ന കുതിച്ചുചാട്ടത്തിന്റെ ആദ്യ കാല്‍വയ്പ്പാണ് പടിയൂര്‍ ഇക്കോ പ്ലാനറ്റ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement