വേനൽക്കാലം തുടങ്ങിയതും ഉത്പാദനം കുറഞ്ഞതും വിലവർധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
കോഴിക്കോട്: ''നൂറുരൂപയുമായി മാർക്കറ്റിലേക്കുവന്നാൽ എന്താ വാങ്ങാൻ കിട്ട്വാ. അരക്കിലോ മത്തിക്ക് വേണം 80 രൂപ. ഉപ്പുമുതൽ കർപ്പൂരംവരെ എന്നു പറയാറില്ലേ, എല്ലാത്തിനും വിലകൂടി. അടുക്കള പണിമുടക്കേണ്ടിവരുമോയെന്നാ ഇപ്പൊ പേടി...'' -കണ്ണാടിക്കലിൽനിന്ന് സെൻട്രൽ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ ശാരദ പറയുന്നു.
കുടുംബങ്ങളുടെ ഉള്ളുപൊള്ളിക്കുകയാണ് അവശ്യസാധനങ്ങളുടെ വിലക്കയറ്റം. കോവിഡ് പ്രതിസന്ധിയും അനുദിനം വർധിക്കുന്ന ഇന്ധനവിലവർധനയും പാചകവാതകവിലയും അടുക്കളബജറ്റ് താളംതെറ്റിച്ചിരിക്കുന്നു. വീട്ടിൽ ഭക്ഷണം പാചകംചെയ്യാനുള്ള പാചകവാതകത്തിന് 958 രൂപയാണിപ്പോൾ. കഴിഞ്ഞയാഴ്ച മാത്രം വർധിച്ചത് 50 രൂപ.
''പൈസ കൂടിയെന്നുകരുതി ആവശ്യത്തിനുള്ള സാധനം വാങ്ങാതിരിക്കാൻ കഴിയില്ലല്ലോ. ഞാൻ കടലിൽ പണിയെടുക്കുന്നയാളാ. ഇപ്പൊ പണിയുമില്ല, കൂലിയുമില്ല. അങ്ങാടിയിൽ വരാൻതന്നെ പേടിയാണ്. എല്ലാത്തിനും തീപിടിച്ച വിലയാണ്. എങ്കിലും അത്യാവശ്യസാധനം വാങ്ങാതിരിക്കാൻ കഴിയില്ലല്ലോ...'' -അലക്കുസോപ്പ് വാങ്ങാനെത്തിയ പുതിയങ്ങാടി സ്വദേശി രഞ്ജിനി പറഞ്ഞു. അലക്കുസോപ്പിന് അഞ്ചുരൂപ കൂടിയെന്നറിഞ്ഞ് ഒന്നു ഞെട്ടി രഞ്ജിനി. ടൂത്ത് പോസ്റ്റ്, ബാത്തിങ് സോപ്പ്, സോപ്പുപൊടി, ഡിഷ്വാഷ് ബാർ തുടങ്ങി ദിവസവും ഉപയോഗിക്കേണ്ട വസ്തുക്കൾക്കെല്ലാം അഞ്ചുരൂപ മുതൽ 10 രൂപവരെ വർധിച്ചിട്ടുണ്ട്.
അരിവിലയിലും വർധനയുണ്ട്. മൂന്നുമാസത്തിനിടെ കിലോഗ്രാമിന് രണ്ടുമുതൽ എട്ടു രൂപവരെയാണ് കൂടിയത്. കുറുവ വില 31 രൂപയിൽനിന്ന് 36-38 വരെയായി. പൊന്നിക്ക് 40-ൽ നിന്ന് 42-45 ആയും വർധിച്ചു.
ഇന്ധനവിലവർധന വരുന്നതിനുമുന്നേതന്നെ മിക്ക പലചരക്കു സാധനങ്ങൾക്കും വിലയേറിയെന്ന് വ്യാപാരികൾ പറയുന്നു. ഉത്പാദനം കുറഞ്ഞതാണ് കാരണം. ഡീസൽവില 110 കടന്നതോടെ ലോറിവാടക വർധിക്കാൻ സാധ്യതയുണ്ട്. ഇത് ചെറുകിടമേഖലയെ ബാധിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ.
ഒന്നരമാസത്തിലേറെയായി ചിക്കൻവില ഉയർന്നുതന്നെ. 240 രൂപയാണ് ഒരു കിലോ കോഴിയിറച്ചിക്ക് നൽകേണ്ടത്. 180 രൂപയിൽനിന്നാണ് വിലയുടെ ഈ കുതിച്ചുചാട്ടം.
വേനൽക്കാലം തുടങ്ങിയതും ഉത്പാദനം കുറഞ്ഞതും വിലവർധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇതിനിടയിൽ കോഴിത്തീറ്റയ്ക്ക് വില കൂടിയതും മേഖലയെ പ്രതിസന്ധിയിലാക്കി. കിലോയ്ക്ക് 26-ൽ നിന്നും 48 രൂപവരെയായി വർധിച്ചു. റംസാൻ വ്രതാരംഭവും വിഷുവും കൂടിയാകുമ്പോൾ കോഴിയിറച്ചിയുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
മീൻവിലയിൽ അല്പം ആശ്വാസമുണ്ട്. എങ്കിലും ഇതരസംസ്ഥാനങ്ങളിൽനിന്നെത്തുന്ന മീനായതുകൊണ്ട് ഇന്ധനവിലവർധന മേഖലയെ ബാധിക്കും. മത്തിക്ക് വെള്ളിയാഴ്ച 160 രൂപയും അയലയ്ക്ക് 120 രൂപയും ചെമ്മീനിന് 260 രൂപയുമാണ് വില. അയക്കൂറയും ആവോലിയും ലഭ്യതക്കുറവുള്ളതിനാൽ വില അല്പം കൂടുതലാണ്. അയക്കൂറയ്ക്ക് 650 രൂപയും ആവോലിക്ക് 440 രൂപയുമാണ് വെള്ളിയാഴ്ച സെൻട്രൽമാർക്കറ്റിലെ വില. ഇതിനൊപ്പം മുട്ടയുടെ വിലയിലും നേരിയ വർധനയുണ്ടായിട്ടുണ്ട്. 4.50 രൂപയിൽനിന്ന് അഞ്ചുരൂപയായി വർധിച്ചു.
വേനൽ കടുത്തെങ്കിലും പഴം, പച്ചക്കറി വില ഉയർന്നില്ലെന്നതാണ് ഏക ആശ്വാസം. വിപണി കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. എങ്കിലും റംസാൻ വ്രതാരംഭം തുടങ്ങുന്നതിനാൽ പഴങ്ങൾക്ക് വിലക്കയറ്റമുണ്ടാകുമെന്ന് പാളയം മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു


Post a Comment