ന്യൂയോർക്ക്: ഓൺലൈൻ വ്യാപാര ഭീമന്മാരായ ആമസോണിൽ ഇനി തൊഴിലാളി യൂണിയൻ. അമേരിക്കയിലെ സ്റ്റാലൻ ഐലൻഡിലെ ആമസോൺ വെയർഹൗസ് തൊഴിലാളികൾക്കിടയിൽ നടന്ന വോട്ടെടുപ്പിലാണ് തൊഴിലാളി യൂണിയൻ രൂപവത്കരണത്തിന് അംഗീകാരമായി ഭൂരിപക്ഷം പേരും വോട്ട് ചെയ്തത്. ആമസോണിന്റെ ജീവനക്കാർ തൊഴിലാളി യൂണിയൻ രൂപീകരിക്കുന്ന ആദ്യത്തെ സംഭവമാണ് സ്റ്റാലൻ ഐലൻഡിലേത്.
ജെ.എഫ്.കെ.8 എന്ന പേരിലറിയപ്പെടുന്ന വെയർഹൗസിലെ (ഫുൾഫിൽമെന്റ് സെന്ററിലെ) ജീവനക്കാരിൽ ഭൂരിപക്ഷം പേരും തൊഴിലാളി യൂണിയൻ രൂപവത്കരിക്കുന്നതിനെ അനുകൂലിച്ചു. റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് 2131 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ യൂണിയൻ രൂപീകരണത്തിന് അനുകൂലമായി 2654 വോട്ടുകൾ ലഭിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴിൽ ദാതാവായ ആമസോണിൽ സംഘടിത തൊഴിലാളികൾ നേടിയ വിജയം ചരിത്രപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആമസോൺ ലേബർ യൂണിയന്റെ പ്രസിഡന്റ് ക്രിസ്റ്റ്യൻ സ്മോൾസ് ഉൾപ്പടെയുള്ളവർ യൂണിയന്റെ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച് തൊഴിലാളികളെ അഭിവാദ്യം ചെയ്തു. വെയർഹൗസുകളിൽ ആവശ്യമായ ആരോഗ്യ സുരക്ഷ സംവിധാനങ്ങളില്ല എന്ന് പരാതിപ്പെട്ടതിന് ആമസോണിൽ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളി നേതാവാണ് സ്മോൾസ്.
വെയർഹൗസുകളിലെ തൊഴിലാളികളുടെ ജീവിതം ദുരിതം നിറഞ്ഞതാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിൽ തന്നെ ഫുൾടൈം അല്ലാത്ത തൊഴിലാളികൾക്ക് പല ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ലെന്നും തൊഴിലാളി സംഘടനകൾ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് തൊഴിലാളി യൂണിയന് വേണ്ടിയുള്ള ആവശ്യങ്ങളുയർന്നത്. നിലവിലെ തൊഴിലാളികളുടെ വിജയം ഈ മുന്നേറ്റത്തിന് ശക്തി പകരുമെങ്കിലും ആമസോൺ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Post a Comment