തൃശ്ശൂർപൂരം കാണാൻ തീവണ്ടിയിൽ പോകാം; 10-നും 11-നും പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ്




തൃശ്ശൂർ: പൂരം ദിവസങ്ങളിൽ തൃശ്ശൂരിലെത്താൻ വിപുലമായ സൗകര്യങ്ങളൊരുക്കി റെയിൽവേ. പൂരം ദിവസങ്ങളായ 10-നും 11-നും പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചു. കോവിഡിന് മുമ്പുള്ളതുപോലെയുള്ള സൗകര്യങ്ങളാണ് പൂരപ്രേമികൾക്കായി റെയിൽവേ ഇക്കുറി ഒരുക്കിയിട്ടുള്ളത്. പൂരത്തിരക്ക് ഒഴിവാക്കി യാത്രചെയ്യാം.




എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, കണ്ണൂർ-ആലപ്പുഴ എക്സിക്യുട്ടീവ്, തിരുനെൽവേലി-പാലക്കാട് പാലരുവി, മംഗലാപുരം-നാഗർകോവിൽ പരശുറാം എന്നീ തീവണ്ടികൾക്ക് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇരുദിശകളിലുമായാണ് പൂങ്കുന്നത്ത് താത്കാലിക സ്റ്റോപ്പ് അനുവദിച്ചത്. തൃശ്ശൂരിലും പൂങ്കുന്നത്തും അധിക ടിക്കറ്റ് കൗണ്ടറുകൾ, കൂടുതൽ പ്രകാശസംവിധാനം, സുരക്ഷാ ഉദ്യോഗസ്ഥർ, സൂചനാകേന്ദ്രത്തിൽ കൂടുതൽ ജീവനക്കാർ, പ്രത്യേക അനൗൺസ്മെന്റ്, കുടിവെള്ളത്തിന് അധികസൗകര്യം തുടങ്ങിയവ ഒരുക്കും.

പൂരം കണ്ട് മടങ്ങുന്നവർക്ക് തൃശ്ശൂരിലെ ബുക്കിങ് ഓഫീസിൽ അഞ്ചും റിസർവേഷൻ കേന്ദ്രത്തിൽ മൂന്നും രണ്ടാംകവാടത്തിൽ ഒന്നും ടിക്കറ്റ് വിതരണ കൗണ്ടറുകളും രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകളും പ്രവർത്തിക്കും. 11-ന് പുലർച്ചെ മൂന്നുമുതൽ 11 വരെ പൂങ്കുന്നത്ത് രണ്ട് കൗണ്ടറുകളും പ്രവർത്തിക്കും. ദിവാൻജിമൂല മുതൽ തൃശ്ശൂർ സ്റ്റേഷനിലേക്ക് കൂടുതൽ ലൈറ്റുകളും സ്ഥാപിക്കും.

തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ മാനേജർ പി. ശശീന്ദ്രൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ (കമേഴ്സ്യൽ) ബാലകൃഷ്ണൻ, ചീഫ് ബുക്കിങ് സൂപ്പർവൈസർ മീനാംബാൾ, ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ പ്രസൂൺ എസ്. കുമാർ, ആർ.പി.എഫ്. ഇൻസ്പെക്ടർ കേശവദാസ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement