തളിപ്പറമ്പ ഏര്യം കണ്ണങ്കൈയിൽ മുസ്ലിംലീഗ്-എ സ്.ഡി.പി.ഐ സംഘർഷത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ ആളെ ആശുപത്രിയിലെത്തിച്ച് മടങ്ങും വഴി ലീഗ് നേതാക്കൾ സഞ്ചരിച്ച വാഹനവും തകർത്തു.
മുസ്ലിംലീഗ് പ്രവർത്തകൻ കണ്ണങ്കൈയിലെ എം.അനസ് (22), എസ്.ഡി.പി.ഐ പ്രവർത്തകരായ വായാട്ടെ പണിക്കരകത്ത് സജീർ (20), കണ്ണങ്കൈ സ്വദേശികളായ ഷഫീഖ് (26), സഹദ് (21), ആലക്കാട് ഫാറൂഖ് നഗറിലെ റഷീദ് (21) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവങ്ങളുടെ തുടക്കം. ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴാണ് തന്നെ എസ്.ഡി.പി.ഐ പ്രവർത്തകർ അക്രമിച്ചതെന്ന് പരിക്കേറ്റ് ലൂർദ് ആശുപത്രിയിൽ ചികിത്സതേടിയ അനസ് പറഞ്ഞു. കണ്ണങ്കൈ ഗ്രൗണ്ടിന് സമീപം ഒരു സംഘം യുവാക്കൾ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് അനസ് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിൽ കണങ്കൈ സ്വദേശികളായ സഹദ്, ഷഫീഖ്, ഫാറൂഖ് നഗറിലെ റഷീദ്, വായാട്ടെ സജീർ എന്നിവരുടെ നേതൃത്വത്തിലാണ് തന്നെ കോൺക്രീറ്റ് കല്ല് ഉൾപ്പെടെ ഉപയോഗിച്ച് അക്രമിച്ചതെന്ന് അനസ് പറഞ്ഞു. പരിക്കേറ്റ അനസിനെ തളിപ്പറമ്പിലെ ആശുപത്രിയിലാക്കി മടങ്ങും വഴിയാണ് ലീഗ് നേതാക്കളുടെ കാർ അക്രമിക്കപ്പെട്ടത്. ചിമ്മിണിച്ചട്ടിയിൽ വൈകീട്ട് 7.30 ഓടെ ഇവർ സഞ്ചരിച്ച കെ.എൽ 13 വി 5767 സ്വിഫ്റ്റ് കാർ സംഘം തടഞ്ഞു നിർത്തി ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നുവത്രെ.
കണ്ണങ്കൈ ശാഖ മുസ്ലിംലീഗ് സെക്രട്ടറി എം.പി. അബ്ദുള്ള, ട്രഷറർ എം. പി. അബൂബക്കർ, അബ്ദുൽ റസാഖ്, എ.ഷംസീർ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരും ലൂർദ് ആശുപത്രിയിൽ ചികിത്സതേടി.
എന്നാൽ ആർ.എസ്.എസ്-ബി.ജെ.പി വംശഹത്യക്കെതിരായ പോസ്റ്റർ പ്രചരണത്തിൽ അരിശംപൂണ്ടാണ് തങ്ങളെ ലീഗുകാർ അക്രമിച്ചതെന്ന് തളിപ്പറമ്പ് സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എസ്.ഡി.പി.ഐ പ്രവർത്തകരും പറഞ്ഞു. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പോസ്റ്റർ പ്രചരണത്തിന്റെ ഭാഗമായാണ് താൻ കണ്ണങ്കൈയിൽ എത്തിയതെന്ന് പഞ്ചായത്ത് ട്രഷറർ കൂടിയായ സജീർ പറഞ്ഞു. ഇന്നലെ ഉച്ചയോടെ പ്രദേശത്തെ പാർട്ടി പ്രവർത്തകരുമായി ചേർന്ന് കണ്ണങ്കൈ പള്ളിക്ക് സമീപം പോസ്റ്ററുകൾ പതിച്ചിരുന്നു. എന്നാൽ സ്ഥലത്തെത്തിയ സൈഫുദീൻ, നിഷാദ്, അബ്ദുള്ള, അസീസ്, അനസ് എന്നിവരുടെ നേതൃത്വത്തിലെത്തിയ ലീഗുകാർ പോസ്റ്ററുകൾ പറിച്ചുകളയണമെന്ന് പറഞ്ഞുവത്രെ. ഇത് നിഷേധിച്ചപ്പോ ഴാണ് തങ്ങളെ അക്രമിച്ചതെന്നും ഇവർ പറഞ്ഞു.തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കണ്ടാലറിയാവുന്ന ആറ് എസ്.ഡി.പി.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു അതേ സമയം സംഘർഷത്തിനിടെ പരിക്കേറ്റവരുടെ പരാതിയിൽ പരിയാരം പോലീസ് ഇരു വിഭാഗത്തിൻ്റെയും പേരിൽ കേസെടുത്തു.

Post a Comment