അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ഇന്ത്യൻ ദേശീയത ശിഥിലമാകുന്നതും പ്രാദേശികവാദം ഭാഷാടിസ്ഥാനത്തിലും പ്രദേശാടിസ്ഥാനത്തിലും ശക്തിപ്രാപിക്കുന്നതും. നെഹ്റു-ഗാന്ധി ആശയങ്ങളിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ഒരാൾക്ക് പ്രാദേശികതാവാദത്തെ അംഗീകരിക്കാനാവില്ല.
ദേശീയതയും ഗാന്ധിയുമാണ് അഴീക്കോടിന്റെ രാഷ്ട്രീയദർശനത്തിന് പ്രത്യേകമായ മുഖവും രൂപവും നൽകിയത്. അഴീക്കോട് നിർമിച്ചെടുത്ത രാഷ്ട്രീയത്തിന്റെ വ്യാകരണം അത് ബോധ്യപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് വിരോധം ആ രാഷ്ട്രീയസമീപനത്തെ വല്ലാതെ സ്വാധീനിച്ച ഘടകമാണ്. എന്നാൽ ഏതോ ഒരു ഘട്ടത്തിൽ അഴീക്കോട് കമ്യൂണിസ്റ്റുകളോടൊപ്പം ആയില്ലേ എന്ന് ചിലർ ആശങ്കപ്പെടുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ അഴീക്കോട് സിദ്ധാന്തപരമായ ഒരു കാർക്കശ്യവും പ്രകടിപ്പിച്ചില്ല. അദ്ദേഹം ആവിഷ്കരിച്ച രാഷ്ട്രീയസമീപനവ്യഗ്രതയും മൂല്യവിചാരണയും തികച്ചും ജനാധിപത്യപരവും ദേശീയതയുടെ അന്തർധാരയുമായി ഇണങ്ങിച്ചേരുന്നതുമായിരുന്നല്ലോ.
അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് ഇന്ത്യൻ ദേശീയത ശിഥിലമാകുന്നതും പ്രാദേശികവാദം ഭാഷാടിസ്ഥാനത്തിലും പ്രദേശാടിസ്ഥാനത്തിലും ശക്തിപ്രാപിക്കുന്നതും. നെഹ്റു-ഗാന്ധി ആശയങ്ങളിൽ വിശ്വാസമർപ്പിച്ചിട്ടുള്ള ഒരാൾക്ക് പ്രാദേശികതാവാദത്തെ അംഗീകരിക്കാനാവില്ല. അദ്ദേഹം ദേശീയതയ്ക്കുവേണ്ടി നിലകൊണ്ടു. പക്ഷേ, സാമുദായികമായും മതപരമായും സമൂഹം വിഭജിക്കപ്പെടാൻ തുടങ്ങുന്നതും രാഷ്ട്രീയ ദേശീയതയല്ല, ഹിന്ദുദേശീയതയാണ് ശരി എന്ന നിലപാടിലേക്ക് സമൂഹം വ്യതിചലിക്കുന്നതും അദ്ദേഹത്തെ നിരാശപ്പെടുത്തി. ദേശീയത എന്നത് ഒരു വ്യാജപരികല്പനയാണെന്ന വാദവും മറ്റൊരു വഴിയിലൂടെ ഉണർന്നുവന്ന് മതചിഹ്നങ്ങൾ ഉപയോഗിച്ചുകൊണ്ട് ഹിന്ദുദേശീയത വികസിച്ചുവരികയാണ് എന്ന കണ്ടെത്തലും 'ഉത്തിഷ്ഠത, ജാഗ്രത' എന്ന ആശയം കൊണ്ടുവന്നു. വർധിച്ചുവരുന്ന ചരിത്രനിഷേധങ്ങളും പാരമ്പര്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന രീതിയും ഈ വ്യവസ്ഥയെ പ്രതിരോധിക്കാൻ പ്രാപ്തമാക്കി. യഥാർഥ ദേശീയബോധം ഉണരുന്നത് സാംസ്കാരികമായ പ്രകോപനങ്ങളെ വിപുലപ്പെടുത്തും എന്നും അദ്ദേഹം മനസ്സിലാക്കി. ആ തിരിച്ചറിവിൽനിന്നാണ് അഴീക്കോടിന്റെ പ്രഭാഷണങ്ങൾ രൂപപ്പെട്ടുവന്നത്. അദ്ദേഹമെഴുതിയ മാധ്യമകോളങ്ങളിലും ആ ജാഗ്രത പ്രകടമായിരുന്നു.
ഹിന്ദുത്വശക്തികളുമായി പോരാടണമെങ്കിൽ കമ്യൂണിസത്തോട് ചേർന്നുനിൽക്കാതെ പറ്റില്ല എന്നൊരു ധാരണ അഴീക്കോടിന് ഉണ്ടായിപ്പോയോ? ഹിന്ദുവർഗിയതയ്ക്കെതിരേ കഠിനമായി സംസാരിക്കാൻ തുടങ്ങിയതോടെ കമ്യൂണിസത്തോടുള്ള അകൽച്ച കുറച്ചുകൊണ്ടുവന്നു. രാഷ്ട്രീയത്തിൽ ശത്രുപക്ഷത്ത് കോൺഗ്രസിനെ പിടിച്ചുനിർത്തി. ബാബ്റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് അഴീക്കോട് നടത്തിയിട്ടുള്ള പ്രഭാഷണങ്ങളിലും വിശകലനങ്ങളിലും ആ മാറ്റത്തിന്റെ സ്വരം പ്രകടമായിരുന്നു. ചരിത്രം പിളർക്കുന്ന ഒരു വർഗീയഭ്രാന്തിലേക്ക് ഈ രാജ്യം പരിവർത്തനം ചെയ്യപ്പെടുന്നതിലുള്ള രോഷം നാം കാണാതെ പോകരുത്. പൊളിക്കപ്പെട്ടത് ഇന്ത്യയിലെ ഒരു പള്ളിയാണെങ്കിലും യഥാർഥത്തിൽ പിളർന്നത് ദേശീയമനസ്സാണ് എന്ന് അഴീക്കോട് എഴുതി, പറഞ്ഞു.

Post a Comment