സിയോനി (മധ്യപ്രദേശ്) : പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ഒരു സംഘമാളുകൾ രണ്ട് ആദിവാസി യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ്. മധ്യപ്രദേശിലെ സിയോണി ജില്ലയിലാണ് സംഭവം. സംഭവത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. 15 മുതൽ 20 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. അക്രമികൾ ബജ്‌റംഗ് ദൾ പ്രവർത്തകരാണെന്ന് പരാതിക്കാരും കോൺഗ്രസും ആരോപിച്ചു.
തിങ്കളാഴ്ച പുലർച്ചെ 2.30 നും മൂന്നിനും ഇടയിൽ കൗറെ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിമരിയ എന്ന സ്ഥലത്താണ് ദാരുണസംഭവം. 20 ഓളം പേർക്കെതിരെ കേസെടുത്തു. ആറുപേർക്കെതിരെ കൊലപാതക കുറ്റങ്ങൾ ഉൾപ്പെടെ ചുമത്തിയെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ കോൺഗ്രസ് എംഎൽഎ അർജുൻ സിംഗ് കക്കോഡിയയുടെ നേതൃത്വത്തിൽ ജബൽപൂർ-നാഗ്പൂർ ഹൈവേ ഉപരോധിച്ചു. സിയോനി പൊലീസ് സൂപ്രണ്ടും ഉന്നത ഉദ്യോഗസ്ഥരും സമരസ്ഥലം സന്ദർശിച്ചു.
15-20 പേരടങ്ങുന്ന സംഘത്തിന്റെ ആക്രമണത്തിൽ രണ്ട് ആദിവാസി യുവാക്കൾ കൊല്ലപ്പെട്ടു. പശുവിനെ കൊന്നെന്ന് ആരോപിച്ച് ഇവരുടെ വീട്ടിലെത്തിയതാണ് സംഘം ആക്രമിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. രണ്ട് പേർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പരിക്കേറ്റയാൾ ചികിത്സയിലാണ്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങളിൽ വ്യക്തതയുണ്ടാകൂവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്‌കെ മാറവി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മൂന്ന് പേർ കസ്റ്റഡിയിലുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരകളുടെ വീട്ടിൽ നിന്ന് കിലോക്കണക്കിന് മാംസം കണ്ടെത്തിയിട്ടുണ്ട്- എസിപി പറഞ്ഞു.

Post a Comment