തലശ്ശേരി ആശുപത്രി റോഡില്‍ 23 മുതല്‍ പേ പാര്‍ക്കിങ്



പഴയ ബസ് സ്റ്റാൻഡ് ആശുപത്രി റോഡില്‍ രണ്ടു വശത്തുമായി പേ പാര്‍ക്കിങ് സംവിധാനം 23 മുതല്‍ നടപ്പാക്കാൻ തീരുമാനം. ജൂബിലി ഷോപ്പിങ് കെട്ടിടത്തിന് മുന്നില്‍ കാര്‍ പാര്‍ക്കിങ്ങും എതിര്‍വശത്ത് ഇരുചക്ര വാഹനങ്ങള്‍ക്കുമാണ് പാര്‍ക്കിങ് ക്രമീകരിച്ചത്. ശനിയാഴ്ച നഗരസഭ ഓഫിസില്‍ ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഓണത്തിരക്ക് നിയന്ത്രിക്കാൻ നഗരത്തിലെ മറ്റിടങ്ങളിലും ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താൻ തീരുമാനമായി. ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങള്‍ പാര്‍ക്കിങ്ങിനായി പരമാവധി ഉപയോഗപ്പെടുത്തും. നഗരത്തിലെ സ്കൂള്‍ ഗ്രൗണ്ടുകള്‍, കോട്ടയുടെ പരിസരം എന്നിവിടങ്ങളില്‍ പാര്‍ക്കിങ്ങിനായി സൗകര്യമൊരുക്കും. ആശുപത്രി റോഡില്‍ പേ പാര്‍ക്കിങ് സംവിധാനം നടപ്പിലാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഇതിനായി പ്രാഥമിക നടപടികള്‍ തുടങ്ങിയതോടെ മുസ്ലിം യൂത്ത് ലീഗുകാരും വ്യാപാരികളില്‍ ഒരു വിഭാഗവും പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ റോഡിന്റെ രണ്ട് ഭാഗവും അടച്ച്‌ പാര്‍ക്കിങ്ങിനുള്ള ലൈൻ വരക്കാൻ തുടങ്ങിയപ്പോഴാണ് പ്രതിഷേധമുയര്‍ന്നത്. ഇതേതുടര്‍ന്ന് രണ്ടു തവണ സര്‍വകക്ഷി യോഗം ചേര്‍ന്നു. ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ആശുപത്രി റോഡില്‍ ഓണം കഴിയുന്നത് വരെ പരീക്ഷണാടിസ്ഥാനത്തില്‍ പേ പാര്‍ക്കിങ് നടപ്പിലാക്കാൻ തീരുമാനമെടുത്തതിനാല്‍ യു.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് യോഗ തീരുമാനം. ചെയര്‍പേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാൻ വാഴയില്‍ ശശി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കാത്താണ്ടി റസാഖ്, അഡ്വ.എം.എസ്. നിഷാദ്, അഡ്വ.സി.ടി. സജിത്ത്, കെ.ഇ. പവിത്രരാജ്, സാഹിര്‍ പാലക്കല്‍, എം.പി. സുമേഷ്, കെ. വിനയരാജ്, വി. ജലീല്‍, ബി.പി. മുസ്തഫ, വര്‍ക്കി വട്ടപ്പാറ, രമേശൻ ഒതയോത്ത് എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement