യൂട്യൂബ് നോക്കി ഭാര്യയുടെ പ്രസവം വീട്ടില്‍ നടത്തി; യുവതി മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍


യൂട്യൂബ് വീഡിയോ നോക്കി വീട്ടില്‍ പ്രസവിച്ച യുവതി മരിച്ചു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ പോച്ചംപള്ളിക്കടുത്ത് പുളിയംപട്ടിയില്‍ താമസിച്ചിരുന്ന മാദേഷിന്‍റെ ഭാര്യ ലോകനായകി(27)യാണ് മരിച്ചത്. പ്രസവശേഷമുണ്ടായ അമിതരക്തസ്രാവത്തെ തുടര്‍ന്നാണ് യുവതി മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രസവവേദന വന്നപ്പോള്‍ ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാതെ ഭര്‍ത്താവ് മാദേഷ് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു.

എന്നാല്‍ പ്രസവ ശേഷം അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മാദേഷ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആശുപത്രിയിലെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഭര്‍ത്താവ് മാദേഷിനെ കസ്റ്റഡിയിലെടുത്തു. ദമ്പതിമാരുടെ കുഞ്ഞ് പോച്ചാംപള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.


യൂട്യൂബ് വീഡിയോകള്‍ നോക്കിയാണ് വീട്ടില്‍ പ്രസവമെടുക്കുന്നരീതി  മദേഷ് മനസിലാക്കിയതെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. വീട്ടില്‍ പ്രസവമെടുക്കുന്ന വീഡിയോകള്‍ ഇയാള്‍ യൂട്യൂബില്‍ പതിവായി കണ്ടിരുന്നതായി അയല്‍വാസികളും മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും കുറ്റങ്ങള്‍ സ്ഥിരീകരിച്ചാല്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement