വിയറ്റ്‌നാമിലെ വീടുകളിൽ വീണ്ടും മാവോയിസ്‌റ്റ് സംഘം എത്തി



കണ്ണൂർ : ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമിൽ വീണ്ടും മാവോയിസ്‌റ്റ് സംഘം എത്തി. കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളിൽ എത്തിയ മാവോയിസ്‌റ്റ് മൂന്ന് മണിക്കൂറോളം അവിടെ ചിലവഴിക്കുകയും വീട്ടുകാരിൽ നിന്നും ഭക്ഷണം ഉണ്ടാക്കി കഴിച്ച ശേഷം തിരിച്ചുപോവുകയും ചെയ്തു.
രാത്രി 7.15 ഓടെ യാണ് സംഘം ഇവിടെ എത്തിയത്. സംഘത്തിൽ 13 പേർ ഉണ്ടായിരുന്നതായും രാത്രി 10.15 ഓടെയാണ് തിരികെ പോയതായും പോലീസ് സ്ഥിരീകരിച്ചു. വിയറ്റ്‌നാമിലെ മമ്മദ്, ബുഷ്‌റ എന്നിവരുടെ വീടുകളിലാണ് സംഘം എത്തിയത്. ബുഷ്‌റയുടെ വീട്ടിൽ നിന്നും ഓറോട്ടി അടക്കം ഭക്ഷണം പാകം ചെയ്തു കഴിക്കുകയും ലാപ്‌ടോപ് അടക്കം ചാർജ് ചെയ്ത ശേഷം മടങ്ങിയ സംഘം വീണ്ടും വരുമെന്ന് പറഞ്ഞതായും വീട്ടുകാർ പറഞ്ഞു. ആറളം ഫാമിലെ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിക്കുന്നത് ഇരട്ട നീതിയാണെന്നും ഇതിനെതിരെ സംഘടിക്കാനും മാവോയിസ്റ്റ് സംഘം ആഹ്വാനം ചെയ്തു. കവിതയുടെയും സി.പി. മൊയ്തീന്റെയും നേതൃത്വത്തിലുള്ള സംഘമാണ് വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന വിയറ്റ്‌നാമിലെ വീടുകളിൽ എത്തിയത് എന്നാണ് പോലീസിന്റെ നിഗമനം.
 നാല് ദിവസം മുൻപ് 11 അംഗ സംഘം വിയറ്റ്‌നാം ടൗണിലെത്തി പ്രകടനം നടത്തുകയും പോസ്റ്റർ ഒട്ടിക്കുകയും ചെയ്തിരുന്നു. മുൻപ് അഞ്ചംഗ സംഘമായിരുന്നു മേഖലയിൽ എത്തിയിരുന്നതെങ്കിൽ കഴിഞ്ഞ തവണ അത് 11 പേരായും ഇപ്പോൾ 13 പേരായും ഉയർന്നു. സി പി ഐ മാവേയിസ്റ്റ് കബനി എറിയാ സമിതി എന്നെഴുതി പോസ്റ്ററുകൾ മേഖലയിലാകെ പതിച്ചിട്ടുണ്ട്. മാവോവാദി വിരുദ്ധ സ്‌ക്വാഡും പോലിസും മേഖലയിൽ നിരീക്ഷണം ശക്തമാക്കി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement