തൃശൂര്‍: തൃശൂര്‍ കണിമംഗലത്ത് സ്വകാര്യ ബസ് മറിഞ്ഞു; സ്ത്രീകളും കുട്ടികളുമടക്കം 50 ഓളം പേര്‍ക്ക് പരിക്കേറ്റു. രണ്ട്‌പേരുടെ പരിക്ക് സാരമുള്ളതാണ്. രാവിലെ 8.30 ഓടെയാണ് അപകടം. തൃപ്രയാറില്‍ നിന്ന് തൃശൂരിലേക്ക് പോയ ക്രൈസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്.
ബസ് യാത്രക്കാരില്‍ ഏറെയും സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളായിരുന്നു. അമ്പതിലേറെ പേര്‍ ബസിലുണ്ടായിരുന്നു. ഇടത് ഭാഗത്തേക്കാണ് ബസ് മറിഞ്ഞത്. യാത്രക്കാര്‍ പിന്‍ഭാഗത്തെ ചില്ല് പൊട്ടിച്ചാണ് പുറത്തിറങ്ങിയത്.
റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ ഇവിടെ അപകടം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി ഒരു ഭാഗം ഉയരം കൂട്ടി നിര്‍മ്മിച്ചിരുന്നു. ബസ് വളവ് തിരിഞ്ഞ് റോഡിലേക്ക് കയറവേ മുന്‍ഭാഗത്തെ ടയറുകളുടെ ലീഫ് പൊട്ടിയതാണെന്ന് ഡ്രൈവര്‍ പറയുന്നു. സ്ഥിരം അപകട മേഖലയാണെങ്കിലും ബസുകള്‍ അമിത വേഗത്തിലാണ് ഓടിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ആശങ്ക വേണ്ടെന്നും പരിക്കേറ്റവര്‍ക്ക്എല്ലാ സഹായവും നല്‍കുമെന്നും റവന്യൂമന്ത്രി കെ.രാജന്‍ പറഞ്ഞു. ആശുപത്രികളില്‍ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment