കേളകം: കൊട്ടിയൂർ ചപ്പമലയിലെ ജനവാസ മേഖലയിൽ കടുവയെ കണ്ടതായി നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പും പഞ്ചായത്ത് അധികൃതരും നടത്തിയ നിരീക്ഷണത്തിൽ കടുവയുടെതെന്ന് സംശയിക്കുന്ന കാൽപാടുകളും അവശിഷ്ടങ്ങളും കണ്ടെത്തി. സ്ഥലത്ത് വനപാലകരുടെ നിരീക്ഷണം ഏർപ്പെടുത്തി.
ചപ്പമല കോൺക്രീറ്റ് റോഡിലും, പാലക്കൽ ജോയിയുടെ കൃഷിയിടത്തിലുമാണ് കടുവയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. പിച്ചാത്തി കല്ലുങ്കൽ കാഞ്ചനയാണ് കടുവയെ പട്ടാപ്പകൽ നേരിൽ കണ്ടത്. വനപാലകരും പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകത്തിൻ്റെ നേതൃത്യത്തിൽ ജനപ്രതിനിധികളും സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് കൊട്ടിയൂർ റെയിഞ്ച് ഓഫീസർ സുധീർ നരോത്ത് അറിയിച്ചു.

Post a Comment