മൃഗാശുപത്രി സേവനങ്ങള്‍ ഓണ്‍ലൈനിലും: വിരല്‍ത്തുമ്പിൽ കിട്ടാൻ 'ഇ സമൃദ്ധ'


കണ്ണൂര്‍: സംസ്ഥാനത്തെ മൃഗാശുപത്രികളുടെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാൻ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷൻ തയാറാകുന്നു.

ഇ-സമൃദ്ധ എന്ന ഡിജിറ്റല്‍ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് ആൻഡ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കാനാണ് മൃഗസംരക്ഷണ വകുപ്പ് ലക്ഷ്യമിടുന്നത്. കേരള ഡിജിറ്റല്‍ യൂനിവേഴ്സിറ്റിയുടെ സാങ്കേതിക സഹായത്തോടു കൂടിയാണ് മൊബൈല്‍ ആപ്ലിക്കേഷൻ തയാറാക്കുന്നത്.
പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായാല്‍ മൃഗാശുപത്രികളുടെ സേവനങ്ങള്‍, ഔട്ട് പേഷ്യന്റ് രജിസ്ട്രേഷൻ, അപ്പോയ്മെന്റ് , തങ്ങളുടെ മൃഗങ്ങളുടെ വിവരങ്ങള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് വിരല്‍ത്തുമ്ബില്‍ ലഭിക്കും. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളും, ലബോറട്ടറികളും ഈ സംവിധാനവുമായി ബന്ധിപ്പിക്കുന്നതോടെ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ സാധിക്കും. കൂടാതെ വെറ്റിനറി ഡോക്ടര്‍മാര്‍ക്ക് ഓരോ മൃഗത്തിന്റേയും പൂര്‍വകാല രോഗവിവരങ്ങളും ലബോറട്ടറി റിപ്പോര്‍ട്ടുകളും ലഭിക്കുന്നത് കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും രോഗ നിയന്ത്രണത്തിനും സഹായകമാകും. ഇതിനായുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കാനുള്ള പ്രവൃത്തി ജില്ലകളില്‍ നടന്നുവരികയാണ്.

മൊബൈല്‍ വെറ്റിനറി യൂണിറ്റുകള്‍ വ്യാപകമാക്കും

അതേസമയം കര്‍ഷകരുടെ വീട്ടുപടിക്കല്‍ അടിയന്തിര സേവനം ലഭ്യമാക്കാൻ ആവിഷ്‌ക്കരിച്ച മൊബൈല്‍ വെറ്റിനറി യൂനിറ്റുകളുടെ പ്രവര്‍ത്തനവും കൂടുതല്‍ വ്യാപകമാക്കാനും ലക്ഷ്യമിടുന്നുണ്ട്. നിലവില്‍ സംസ്ഥാനത്തെ 29 ബ്ലോക്കുകളിലാണ് മൊബൈല്‍ വെറ്റിനറി സേവനമുള്ളത്. കര്‍ഷകരുടെ വീട്ടുപടിക്കലെത്തി വളര്‍ത്തു മൃഗങ്ങള്‍ക്ക് ചികിത്സ നല്‍കുന്നതാണ് പദ്ധതി. കര്‍ഷകരുടെ ആവശ്യാനുസരണം മൃഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ്, പശുക്കളുടെയും ആടുകളുടേയും കൃത്രിമ ബീലസങ്കലനം, വളര്‍ത്തു മൃഗങ്ങളുടെ വന്ധ്യംകരണം, വിവിധ ഫാമുകള്‍ക്കുള്ള കണ്‍സള്‍ട്ടൻസി സര്‍വിസുകള്‍ എന്നിവയാണ് മൊബൈല്‍ വെറ്റിനറി യൂനിറ്റുകള്‍ മുഖേന നല്‍കുന്നത്.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ നിലവില്‍ നാല് ബ്ലോക്കുകളിലാണ് മൊബൈല്‍ വെറ്റിനറി സേവനമുള്ളത്. കണ്ണൂരില്‍ ഇരിട്ടി, പയ്യന്നൂര്‍ ബ്ലോക്കുകളിലും കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട്, കാസര്‍കോട് ബ്ലോക്കുകളിലുമാണ് വാഹനമുള്ളത്.

സംസ്ഥാനത്ത് ബാക്കിയുള്ള 127 ബ്ലോക്കുകളില്‍ കൂടി ഈ വര്‍ഷം വാഹനങ്ങള്‍ വാങ്ങി വെറ്റിനറി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ് -മന്ത്രി ചിഞ്ചുറാണി

Post a Comment

Previous Post Next Post

Join Whatsapp

Advertisement