ഗണേശ ഭക്തിയുടെ ലഹരിയിൽ ആറാടി ഇരിട്ടി നഗരം തകർത്തുപെയ്ത മഴയിലും വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ അണിനിരന്നത് ആയിരങ്ങൾ



ഇരിട്ടി: ഇരിട്ടി ഗണേശ സേവാ സമിതിയുടെ നേതൃത്വത്തിൽ സനാതന ധർമ്മത്തിന്റെ ഭക്തിയും ശക്തിയും സമന്വയിപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച നടന്ന ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര ഇരിട്ടി നഗരത്തെ ഭക്തജന സാഗരമാക്കി മാറ്റി. ഗണേശ ഭഗവാൻ തങ്ങൾക്ക് മിത്തല്ല തങ്ങളുടെ സ്വത്വമാണെന്ന് തെളിയിക്കുന്നതായിരുന്നു കനത്ത മഴയെയും അവഗണിച്ചുകൊണ്ട് ജനസഞ്ചയങ്ങൾ അണിനിരന്ന ഘോഷയാത്ര. ഇരിട്ടിയിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം ആയിരങ്ങൾ ആണ് അണി നിരന്നത് .
നിശ്ചല ദൃശ്യങ്ങളും , നൃത്ത രൂപങ്ങളും, ആട്ടവും പാട്ടും മറ്റും ഘോഷയാത്രക്ക്‌ മിഴിവേകി. നിർത്താതെ പെയ്തുകൊണ്ടിരുന്ന കനത്ത മഴയിലും നഗരവീഥികളിൽ ആടിയും പാടിയും നൃത്തമാടിയും യുവജനങ്ങളും യുവതികളും ഘോഷയാത്രയെ അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി മാറ്റുകയായിരുന്നു. 
ഇരിട്ടിയുടെ മലയോര മേഖലകളിൽ നിന്നും മുപ്പത്തി രണ്ടോളം വിഗ്രഹ ഘോഷയാത്രകളാണ് ഇരിട്ടിയിൽ എത്തിച്ചേർന്നത്. ഉളിക്കൽ, പരിക്കളം, കൂട്ടുപുഴ, പടിയൂർ, കീഴ്പ്പള്ളി മേഖലകളിൽ നിന്നും എത്തിയ ഘോഷയാത്രകൾ ഇരിട്ടി പാലം കടന്ന് നേരംപോക്ക്, കീഴൂർ വഴി 6 മണിയോടെ കൈരാതി കിരാത ക്ഷേത്ര പരിസരത്ത് എത്തിച്ചേർന്നു. തില്ലങ്കേരി, മീത്തലെപുന്നാട്, പുന്നാട്, പായം, വട്ട്യറ എന്നീ മേഖലകളിൽ നിന്നും വന്ന ഘോഷയാത്രകളും കൈരാതി കിരാത ക്ഷേത്രത്തിൽ എത്തിച്ചേർന്നു. 
വൈകുന്നേരം മൂന്നു മണിയോടെ ആരംഭിച്ച ശക്തമായ മഴക്ക് ശമനമുണ്ടാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. മഴയെ അവഗണിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കം ഈ സമയങ്ങളിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്ര ആരംഭിക്കുന്ന കൈരാതി കിരാത ക്ഷേത്ര പരിസരത്തേക്ക് പ്രവഹിച്ചുകൊണ്ടിരുന്നു. തുടർന്ന് ക്ഷേത്ര പരിസരത്ത് സംഗമിച്ച എല്ലാ ഘോഷയാത്രകളും ഇരിട്ടി നഗരം ചുറ്റി രാത്രി8 മണിയോടെ പഴയപാലത്ത് എത്തി ഇവിടെ നടന്ന പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ പുഴയിൽ നിമജ്ജനം ചെയ്തു. 
ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി, സംഘാടകസമിതി ഭാരവാഹികളായ സജീവൻ ആറളം, എ. എൻ. സുകുമാരൻ മാസ്റ്റർ, എം.ആർ. സുരേഷ്, സത്യൻ കൊമ്മേരി, പവിത്രൻ തൈക്കണ്ടി, എം. ബാലകൃഷ്ണൻ, എം.പി. മനോഹരൻ എന്നിവർ നിമജ്ജന ഘോഷയാത്രകൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement