കണ്ണൂര്‍: കണ്ണൂര്‍ പോലീസ് മൈതാനിയില്‍ നാളെ മുതല്‍ ജെമിനി സര്‍ക്കസ് പ്രദര്‍ശനം ആരംഭിക്കും. അമേരിക്കൻ, റഷ്യൻ, എത്യോപ്യൻ, സര്‍ക്കസ് അഭ്യാസികളും ചെകോസ്ലാവ്യൻ ലേസര്‍ ലൈറ്റുകളുടെയും ഡിജിറ്റല്‍ ശബ്ദ മികവുമായാണ് സര്‍ക്കസ് കണ്ണൂരില്‍ പ്രദര്‍ശനം നടത്തുക.
ഉച്ചക്ക് ഒന്നിനും വൈകുന്നേരം നാലിനും രാത്രി ഏഴിനമായി ദിവസേന മൂന്ന് പ്രദര്‍ശനങ്ങളുണ്ടായിരിക്കും. കാണികളെ അദ്ഭുതപരതന്ത്രരാക്കുന്ന അമേരിക്കൻ സ്പേസ് വീല്‍ എന്ന അതിസാഹസികവും ഏറെ അപകട സാധ്യതയുള്ളതുമായ പുതുമയാര്‍ന്ന ഇനമാണ് മുഖ്യ ആകര്‍ഷണം.
കൂടാതെ വീല്‍ ഓഫ് ഡത്ത്, റഷ്യൻ സ്റ്റാച്യു അക്രോബാറ്റ്, എത്യോപ്യൻ ഡബിള്‍ ബോണ്‍ലസ് ആക്‌ട്, മണിപ്പുരിലെയും ആസാമിലെയും കലാകാരന്മാരും കലാകാരികളും ചേര്‍ന്നവതരിപ്പിക്കുന്ന ഡബിള്‍ റിംഗ്, റൊമാന്‍റിക് സാരി ബാലൻസ് പ്രകടനങ്ങള്‍, ഡാര്‍ക്ക് ലൈറ്റ് ഗ്ലോബ്, ആഫ്രിക്കൻ കലാകാരന്മാരും കലാകാരികളുടെയും ഫയര്‍ ഡാൻസ്, പോള്‍ ആകറ്റ്, അതിവേഗത്തില്‍ വ്യത്യസ്തങ്ങളായി നിര്‍മിക്കപ്പെടുന്ന മനുഷ്യ പിരമിഡുകള്‍ പോലെ കാണപ്പെടുന്ന പിരമിഡ് ആക്രബേറ്റ്, റോളര്‍ ബാലൻസ് തുടങ്ങിയ കലാപ്രകടനങ്ങളോടെയുമാണ് കണ്ണൂരില്‍ പ്രദര്‍ശനം നടത്തുന്നതെന്ന് മാനേജ്മെന്‍റ് അറിയിച്ചു.
കണ്ണൂര്‍ സ്വദേശിയും സര്‍ക്കസിന്‍റെ തലതൊട്ടപ്പനുമായിരുന്ന ജെമിനി ശങ്കരന്‍റെ നേതൃത്വത്തില്‍ 1951 ഓഗസ്റ്റ് 15 ഗുജറാത്തില്‍ ആദ്യപ്രദര്‍ശനത്തിലൂടെ തന്നെ സര്‍ക്കസ് ലോകത്ത് ശ്രദ്ധേയമായ സര്‍ക്കസ് കന്പനിയെ ജെമിനി ശങ്കരന്‍റെ മക്കളായ അജയ് ശങ്കര്‍, അശോക് ശങ്കര്‍ എന്നിവരാണ് നയിക്കുന്നത്.
സൂപ്പര്‍ ഹിറ്റ് സിനിമകളായ രാജ്കപൂറിന്‍റെ മേരാ നാം ജോക്കറും കമലഹാസന്‍റെ അപൂര്‍വ സഹോദരങ്ങളും ഉള്‍പ്പെടെ നിരവധി സിനിമകളുടെ ഷൂട്ടിംഗും ജെമിനിയുടെ തന്പുകളില്‍ നടന്നിട്ടുണ്ട്.

Post a Comment