ഇന്ത്യയുടെ പറുദീസയായി വയനാട്; അവധിക്ക് എത്തിയത് 2.93ലക്ഷം സഞ്ചാരികള്‍, വരുമാനം കോടികൾ



വയനാട് കേരളത്തിലെ ഏറ്റവും പ്രിയ വിനോദസഞ്ചാരകേന്ദ്രമായി മാറുന്നുവെന്നാണ് ക്രിസ്മസ്-പുതുവത്സര ആഘോഷക്കാലം തെളിയിക്കുന്നത്. ഉത്തരേന്ത്യയില്‍നിന്നടക്കം ഈ അവധിക്കാലത്ത് ആളുകള്‍ ഒഴുകുകയായിരുന്നു വയനാട്ടിലേക്ക്.

കര്‍ണാടകയും ആന്ധ്രയും കടന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ വയനാടിന്റെ പെരുമയെത്തിയതോടെ അവിടെനിന്നെല്ലാം വിനോദസഞ്ചാരികള്‍ ഇത്തവണയെത്തി. പുതുവത്സരാഘോഷങ്ങളും പൊടിപൊടിച്ചതോടെ ഇത്തവണ ഗംഭീരമായി. മുന്‍ അവധിക്കാലത്തേക്കാളും രണ്ടിരട്ടിയിലധികം ആളുകളാണ് ക്രിസ്മസ്-പുതുവത്സരാഘോഷത്തിനായി വയനാട്ടിലെത്തിയത്.

ഡിസംബര്‍ 20 മുതല്‍ ജനുവരി രണ്ടുവരെയുള്ള കണക്കുപ്രകാരം 2.93 ലക്ഷം പേരാണ് വയനാട് സന്ദര്‍ശിച്ചത്. ഓരോ അവധിക്കാല ആഘോഷങ്ങള്‍ കഴിയുമ്പോഴും വയനാട് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാവുകയാണെന്നതിന്റെ തെളിവുകൂടിയാണ് എണ്ണത്തിലെ വര്‍ധന. കഴിഞ്ഞവര്‍ഷം വിഷുവും ഈസ്റ്ററും ഒന്നിച്ചെത്തിയപ്പോള്‍ 10 ദിവസത്തെ കണക്കുപ്രകാരം ഒന്നേകാല്‍ലക്ഷം പേരായിരുന്നു ജില്ല സന്ദര്‍ശിച്ചിരുന്നത്.


ഓണം സീസണിലും ഒന്നേകാല്‍ ലക്ഷത്തോളം പേരെത്തി. പൂജാ അവധിക്ക് സഞ്ചാരികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. നാലുദിവസംകൊണ്ട് 1.25 ലക്ഷം പേര്‍ ജില്ല സന്ദര്‍ശിച്ചു. ക്രിസ്മസ്-പുതുവത്സരമാഘോഷിക്കാന്‍ വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്കുതന്നെയുണ്ടായി. ഡി.ടി.പി.സി.യുടെ കീഴിലെ കേന്ദ്രങ്ങളില്‍ 1.28 ലക്ഷം സഞ്ചാരികളെത്തി. ഡിസംബര്‍ 24 മുതല്‍ ജനുവരി രണ്ടുവരെ 77,826 പേര്‍ ബാണാസുരസാഗര്‍ ഡാം സന്ദര്‍ശിച്ചു.

ഡിസംബര്‍ 23 മുതല്‍ 31 വരെ 66,832 പേര്‍ കാരാപ്പുഴ ഡാമും സന്ദര്‍ശിച്ചു. ഡിസംബര്‍ 21 മുതല്‍ 31 വരെ 20000-ത്തോളം പേര്‍ എന്‍ ഊരും സന്ദര്‍ശിച്ചു. കേരളത്തിലെ മറ്റുജില്ലകളില്‍നിന്നും കൂടാതെ കര്‍ണാടക, തമിഴ്‌നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുമെല്ലാം സഞ്ചാരികള്‍ കൂടുതലെത്തി.

വരുമാനത്തിലും വലിയവര്‍ധന

ഡി.ടി.പി.സി.യുടെ കീഴിലെ കേന്ദ്രങ്ങള്‍, ബാണാസുരസാഗര്‍ ഡാം, എന്‍ ഊര്, കാരാപ്പുഴ ഡാം എന്നിങ്ങനെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍നിന്നായി 10 ദിവസത്തിനിടെ 1.76 കോടി രൂപയോളം വരുമാനം ലഭിച്ചു. ഡി.ടി.പി.സി.ക്ക് കീഴിലെ കേന്ദ്രങ്ങളില്‍നിന്നുമാത്രമായി 76.66 ലക്ഷം രൂപ വരുമാനം ലഭിച്ചു. ബാണാസുരസാഗര്‍ ഡാമില്‍നിന്ന് 71 ലക്ഷം രൂപയും വരുമാനമായി ലഭിച്ചു. കാരാപ്പുഴ ഡാമില്‍നിന്ന് 17.53 ലക്ഷം രൂപയും ലഭിച്ചു. 10 ലക്ഷത്തോളം രൂപ എന്‍ ഊരില്‍നിന്നും ലഭിച്ചു. കുറുവാദ്വീപിലെയടക്കം വരുമാനംകൂടി കണക്കാക്കുമ്പോള്‍ ഇനിയും വര്‍ധനയുണ്ടാവും

Post a Comment

Previous Post Next Post

Join Whatsapp

Advertisement