ഇരിട്ടി: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കീഴൂർ കൂളിച്ചെമ്പ്രയിൽ ആൽബർട്ട് ലൂക്കാസ് കാഞ്ഞിരത്തിങ്കൽ (19) ആണ് മരിച്ചത്. സഹയാത്രികൻ ആൽബി (18) യെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പറമ്പ് കപ്പച്ചേരി വളവിൽ ചൊവ്വാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു അപകടം. പടിയൂരിലെ തെയ്യസ്ഥലത്ത് കൂട്ടുകാർക്കൊപ്പം പോയി മടങ്ങുന്നതിനിടെ ആൽബർട്ട് ലുക്കാസ് സഞ്ചരിച്ച ബൈക്ക് കപ്പച്ചേരിവളവിൽ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. സമീപത്തെ കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണ ആൽബർട്ടിനെയും ആൽബിയേയും കൂടെ ഉണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഇരിട്ടിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ആൽബർട്ട് ലുക്കാസിനെ രക്ഷിക്കാനായില്ല. രാജസ്ഥാൻ ജയ്പ്പൂർ നിംസ് യൂണിവേഴ്സിറ്റിയിൽ ബി എ സൈക്കോളജി വിഭാഗം ഒന്നാം വർഷ വിദ്യാർത്ഥിയാണ്. ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയ ആൽബർട്ട് അടുത്ത ദിവസം കോളജിലേക്ക് തിരിച്ചു പോകാനിരിക്കെയാണ് അപകടം. കാഞ്ഞിരത്തിങ്കൽ കെ.വി. സിൽജുവിൻ്റെയും കെ.വി. സിൽജയുടെയും മകനാണ്. സഹോദരൻ: ജെറാൾഡ് (തെറാപ്പിസ്റ്റ്, തണൽ റീഹാബിലിറ്റേഷൻ സെൻ്റർ, കുടുക്കിമൊട്ട). സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് ഇരിട്ടിതന്തോട് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

Post a Comment