കണ്ണൂര്‍: കേരള ഫോക്ലോര്‍ അക്കാദമിയുടെ 2022ലെ യുവപ്രതിഭ പുരസ്‌കാരത്തിന് കടന്നപ്പള്ളി പ്രമീഷ് പണിക്കര്‍ അര്‍ഹനായി. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലമായി കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ കാവുകളില്‍ നിറഞ്ഞ സാന്നിധ്യമാണ് ഈ ഇരുപത്തഞ്ചുകാരന്‍. പതിനഞ്ചാം വയസ്സില്‍ വിഷ്ണുമൂര്‍ത്തിയുടെ കോലം കെട്ടിയാണ് ആദ്യമായി തെയ്യരംഗത്തേക്ക് വന്നത്. തീച്ചാമുണ്ടി കോലം കെട്ടിയാണ് പട്ടും വളയും പണിക്കര്‍ സ്ഥാനവും നേടി ആചാരപ്പെട്ടത്.
തീച്ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, പൊട്ടന്‍ തെയ്യം, മടയില്‍ ചാമുണ്ഡി, ഗുളികന്‍ തുടങ്ങി നിരവധി തെയ്യക്കോലങ്ങള്‍ കെട്ടിയാടിയിട്ടുണ്ട് . കൂടാതെ മുഖത്തെഴുത്ത്, അണിയല നിര്‍മ്മാണം, ചെണ്ട, തോറ്റം പാട്ട് എന്നീ മേഖലകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
തെയ്യം കലാകാരനായ കടന്നപ്പള്ളി കിഴക്കേക്കര കുന്നത്തുപറമ്പില്‍ കെ.പി. മനു-പ്രസന്ന ദമ്പതികളുടെ മൂത്ത മകനാണ് പ്രമീഷ് പണിക്കര്‍. സഹോദരന്‍ പ്രജീഷും തെയ്യം കലാരംഗത്ത് പ്രവര്‍ത്തിച്ച് വരുന്നു.

Post a Comment