ട്രെയിനുകൾ വെെകിയോടുന്നത് തുടർക്കഥ; തിങ്ങി നിറഞ്ഞ് അവശരായി യാത്രക്കാർ



ട്രെയിനുകളുടെ വെെകിയോട്ടം തുടരുന്നത് യാത്രക്കാരെ ദുരിതത്തിലാഴ്ത്തുന്നു. മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം ട്രെയിനുകൾ വെെകിയോടുന്നതും തിങ്ങി നിറഞ്ഞുള്ള യാത്രയും മൂലം പലരും അവശരായി തളർന്നുവീഴുകയാണ്. ജനറൽ കമ്പാർട്ട്‌മെന്റുകളുടെ കുറവ് മൂലം നിലവിലുള്ള ജനറൽ കമ്പാർട്ടുമെന്റുകളിൽ സൂചി കുത്താനിടമില്ലാതെ തിങ്ങിയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.

വായു സഞ്ചാരം പോലും തടസ്സപ്പെടുന്ന രീതിയിൽ തിങ്ങിനിറഞ്ഞ് യാത്ര ചെയ്യുന്നത് മൂലം യാത്രക്കാർ ബോധരഹിതരാകുന്നത് പതിവ് കാഴ്ചയാണ്. കഴിഞ്ഞ ദിവസവും തിരക്കിലും തിരക്കിലും പെട്ട് മംഗളുരു-നാഗർകോവിൽ പരശുറാം എക്സ് പ്രസിൽ വിദ്യാർത്ഥിനി കുഴഞ്ഞു വീണിരുന്നു. വന്ദേഭാരത് ട്രെയിൻ കടന്നു പോകാനായി പരശുറാം ഏറെ നേരം പിടിച്ചിട്ടിരുന്നു. തുടർന്ന് കൊയിലാണ്ടി എത്താറായപ്പോഴാണ് വിദ്യാർത്ഥിനി കുഴഞ്ഞുവീണത്.

തുടർന്ന് കൂടെയുണ്ടായിരുന്ന രണ്ടുപേർ വിദ്യാർത്ഥിനിയെ കൊയിലാണ്ടി സ്റ്രേഷനിൽ ഇറക്കുകയായിരുന്നു. കഴിഞ്ഞ 20 ദിവസത്തിനിടെ പരശുറാം എക്സ് പ്രസിലെ ആറാമത്തെ സംഭവമാണിത്. പലരും കോച്ചുകളിൽ കയറിപ്പറ്റുന്നത് തന്നെ സാഹസികമായാണ്. യാത്രക്കാർ അവരുടെ ബുദ്ധിമുട്ട് സംബന്ധിച്ച് റെയിൽവേ ഉന്നതാധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല.

ഏറെക്കാലമായി ട്രെയിനുകളുടെ വെെകിയോട്ടം തുടരുകയാണ്. ഇതു മൂലം ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പോകേണ്ട സ്ഥിരം യാത്രക്കാരാണ് പ്രയാസപ്പെടുന്നത്. പാത അറ്റകുറ്റപ്പണി മൂലമാണ് ട്രെയിനുകൾ വൈകുന്നതെന്നാണ് റെയിൽവേ നൽകുന്ന വിശദീകരണം. എന്നാൽ വന്ദേ ഭാരത് ട്രെയിനുകൾ കൃത്യ സമയത്ത് സർവീസ് നടത്തുന്നുമുണ്ട്. ഇത് വലിയ പ്രതിഷേധത്തിന് ഇടവരുത്തുകയാണ്.

യാത്രക്കാർ ട്രെയിനിനകത്ത് കുഴഞ്ഞുവീഴുന്ന സംഭവം പതിവാകുമ്പോഴും പാലക്കാട് ഡിവിഷനിൽ നിന്നുള്ള പരിഹാരനിർദേശങ്ങൾക്ക് റെയിൽവേ ഉന്നതങ്ങളിൽ നിന്നും നടപടിയില്ല. കോഴിക്കോട് -കണ്ണൂർ റൂട്ടിൽ പരശുറാം എക്സ് പ്രസിന്റെ സമയത്തോടു ചേർന്ന് പുതിയൊരു മെമു സർവീസ് ആരംഭിക്കാനുള്ള നിർദേശം പാലക്കാട് റെയിൽവേ ഡിവിഷൻ ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് അയച്ചിട്ട് മാസങ്ങളായി. എന്നാൽ മറുപടിയൊന്നുമില്ല.

പരശുറാമിന്റെ മുന്നിലോ പിന്നിലോ സമയം ക്രമീകരിച്ച് മെമു സർവീസ് നടത്തിയാൽ പരശുറാമിലെ തിരക്ക് പരിഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. കുറഞ്ഞത് 8 കോച്ചോടെ മെമു സർവീസ് ആരംഭിക്കാം. 12 കോച്ചുകൾ വരെയും ആവാം. പരശുറാം എക്സ് പ്രസിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്നത് പതിവായപ്പോൾ രണ്ട് പ്രധാന നിർദേശങ്ങളാണ് പാലക്കാട് ഡിവിഷൻ ഓഫിസിൽനിന്ന് ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് അയച്ചിരുന്നത്. ആദ്യത്തേത് മെമു. അടുത്തത് പരശുറാമിൽ ഒന്നോ രണ്ടോ കോച്ചുകൾ കൂട്ടുക എന്നതും. ഇക്കാര്യമെല്ലാം റെയിൽവേ പരിഗണിച്ചിരുന്നെങ്കിലും രണ്ടു കാര്യത്തിലും അന്തിമതീരുമാനമെടുത്ത് നടപ്പാക്കുന്നത് വൈകുകയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement