ആരോട് പരാതിപ്പെട്ടിട്ടും യാതൊരു പ്രതിവിധിയും ലഭ്യമല്ലാതെ ജീവിത വഴിയടഞ്ഞു നിൽക്കുന്ന കർഷകരുടെ കണ്ണീർ കാഴ്ചകളാണ് മലയോര മേഖലകളിലെങ്ങും. കാട്ടാനകളും കാട്ടുപന്നികളും കുരങ്ങുകളും വിലസിനടന്നു കാർഷിക വിളകൾ പാടേ നശിപ്പിക്കുമ്പോൾ കാർഷിക മേഖല പാടേ ഉപേക്ഷിച്ച് മറ്റു ജീവിതമാർഗ്ഗങ്ങൾ തേടാൻ ഒരുങ്ങുകയാണ് പലരും.
ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി കക്കുവയിലെ ജനവാസ മേഖലയിൽ കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാന നിരവധി കർഷകരുടെ കാർഷിക വിളകൾ പാടേ നശിപ്പിച്ചു. കക്കുവയിലെ തരണിയിൽ ബിബിൻ, വാഴപ്പള്ളിയിൽ ജോസഫ് എന്നിവരുടെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ നിരവധി വാഴകളും തെങ്ങുകളുമാണ് നശിപ്പിച്ചത്. കക്കുവ പാലം മുതൽ വട്ടപ്പറമ്പ് പുല്ലുമല വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിൽ വൈദ്യുതി തൂക്ക് വേലി സ്ഥാപിച്ചിട്ടില്ല. കാട്ടാന പ്രദേശത്ത് എത്തുന്ന ഈ ഭാഗങ്ങളിൽ സോളാർ തൂക്ക് വേലി നിർമ്മിക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അവഗണിക്കുകയാണ് അധികൃതർ.
മറ്റ് പല പഞ്ചായത്തുകളിലും എന്ന പോലെ മുഴക്കുന്ന് പഞ്ചായത്തിലെ നെയ്യളത്ത് കാട്ട് പന്നികളും കുരങ്ങുകളും കാർഷിക വിളകൾ നശിപ്പിക്കുന്നത് നിത്യ സംഭവമായി മാറി. നെയ്യളം സ്വദേശി ചൂരി രമേശൻ പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷിചെയ്ത ഇരുന്നൂറോളം വാഴകളാണ് കാട്ടുപന്നികളും കുരങ്ങുകളും ചേർന്ന് കഴിഞ്ഞ ദിവസം നശിപ്പിച്ചത്. വിലയിടിവിന് പുറമേ വന്യമൃഗ ശല്യവും വർദ്ധിച്ചതോടെ കഴിഞ്ഞ 16 വർഷമായി കരവാഴ കൃഷി നടത്തുന്ന രമേശൻ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുകയാണ്. മേഖലയിലെ പല കർഷകരുടെയും അവസ്ഥയും ഇതാണ്.
40 വർഷമായി കൃഷി മാത്രം ഉപജീവന മാർഗ്ഗമായി കണ്ട രമേശൻ കഴിഞ്ഞ 16 വർഷമായി കരവാഴ കൃഷിയാണ് നടത്തുന്നത്. ഇത്തവണ രണ്ടായിരത്തോളം വാഴകളാണ് രമേശൻ കൃഷി ചെയ്തത്. ഇടയ്ക്ക് കാട്ടുപന്നി ശല്യം രൂക്ഷമായിരുന്നെങ്കിലും ഇതൊന്നും വകവയ്ക്കാതെ ആയിരുന്നു രമേശൻ കൃഷി ചെയ്തത്. എന്നാൽ വിളവെടുപ്പിന് പാകമായ വാഴക്കുലകൾ കുരങ്ങും ഭക്ഷണമാക്കാൻ തുടങ്ങിയതോടെ രമേശന്റെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. ബാങ്കിൽ നിന്നും മറ്റും ലോണെടുത്ത് കൃഷി നടത്തുന്ന രമേശൻ കാട്ടുപന്നികൾക്കൊപ്പം കുരങ്ങുകളും കൂടി എത്തി തന്റെ വിളകൾ നശിപ്പിക്കാൻ തുടങ്ങിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ്. ഇതോടെ വിലയിടിവും വിപണി കണ്ടെത്താനുള്ള പ്രയാസവും കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങൽ ഏൽപ്പിച്ചിരിക്കുകയാണെന്നാണ് രമേശൻ പറയുന്നത്. മലയോരത്തെ ഭൂരിഭാഗം കർഷകരും അനുഭവിക്കുന്ന പ്രയാസങ്ങളുടെ നേർക്കാഴ്ചയാണ് രമേശന്റെ ഇപ്പോഴത്തെ അനുഭവം

Post a Comment