ടി20 ലോകകപ്പ് സെമി ഫൈനല്‍: ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച് ഇംഗ്ലണ്ട്; മാറ്റങ്ങളില്ലാതെ ഇരു ടീമും



ഗയാന: ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴ മൂലം ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങുന്നത്. സൂപ്പര്‍ 8ലെ അവസാന മത്സരം ജയിച്ച ടീമില്‍ ഇന്ത്യയും ഇംഗ്ലണ്ടും മാറ്റമൊന്നും വരുത്തിയിട്ടില്ല. പിച്ചിലെ ബൗണ്‍സും മഴ കാരണം മൂടിയിട്ടതിനാല്‍ തുടക്കത്തില്‍ പേസര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നതും കണക്കിലെടുത്താണ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുന്നതെന്ന് ടോസ് നേടിയ ശേഷം ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ വ്യക്തമാക്കി.

അതേസമയം, ടോസ് നേടിയിരുന്നെങ്കിലും ബാറ്റിംഗ് തന്നെയായിരുന്നു തെരഞ്ഞെടുക്കുകയെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വ്യക്തമാക്കി. മത്സരം പുരോഗമിക്കുന്തോറം വേഗം കുറയുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത് മികച്ച സ്കോര്‍ ഉയര്‍ത്താനാണ് ശ്രമിക്കുകയെന്നും രോഹിത് പറഞ്ഞു. ഈ ലോകകപ്പില്‍ ഗയാനയില്‍ ഇതുവരെ നടന്നത് അഞ്ച് മത്സരങ്ങളാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ്.

മത്സരത്തിന് തൊട്ടു മുമ്പ് പെയ്ത കനത്ത മഴയില്‍ ഔട്ട് ഫീല്‍ഡ് നനഞ്ഞു കുതിര്‍ന്നതിനാലാണ് ടോസ് വൈകിയത്. മത്സരം ഒരു മണിക്കൂര്‍ വൈകിയെങ്കിലും ഓവറുകള്‍ വെട്ടിക്കുറക്കാതെ 20 ഓവര്‍ മത്സരം തന്നെയാണ് നടക്കുക. 2022ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോറ്റാണ് ഇന്ത്യ പുറത്തായത്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: ഫിലിപ്പ് സാൾട്ട്, ജോസ് ബട്ട്‌ലർ, ജോണി ബെയർസ്റ്റോ, ഹാരി ബ്രൂക്ക്, മൊയീൻ അലി, ലിയാം ലിവിംഗ്‌സ്റ്റൺ, സാം കറൻ, ക്രിസ് ജോർദാൻ, ജോഫ്ര ആർച്ചർ, ആദിൽ റഷീദ്, റീസ് ടോപ്‌ലി.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര.

Post a Comment

Previous Post Next Post

Join Whatsapp

Advertisement