ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ എടപ്പുഴ വാളത്തോട് മേഖലകളിൽ കാട്ടാനശല്യം രൂക്ഷം. നിത്യവും കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ കർഷർ അധ്വാനിച്ച് നട്ടുവളർത്തിയ കാർഷിക വിളകൾ നിത്യവും ചവിട്ടിമെതിക്കുന്നത് കണ്ണീരോടെ കണ്ടുനിൽക്കാനേ ഇവർക്ക് സാധിക്കുന്നുള്ളു. കഴിഞ്ഞ ദിവസം വാളത്തോട് പുഷ്പഗിരി മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം സജീവൻ കരയാമ്പള്ളി , പി.എ. രാജേഷ്, കുഞ്ഞൂഞ്ഞ് തെക്കേക്കര എന്നിവരുടെ വാഴ, തെങ്ങ്, കുരുമുളക് കൊടികൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. കൂടാതെ കാട്ടാനശല്യം മൂലം വീട് ഉപേക്ഷിച്ച് മാറിത്താമസിക്കുന്ന കർഷകരുടെ കൃഷിയിടങ്ങളും ആനകൾ വ്യാപകമായി നശിപ്പിച്ചു.
ആറളം ഫാമിൽ നിന്നും അടുത്തിടെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി വിട്ട ആനകളാണ് കൂട്ടത്തോടെ എത്തി മേഖലയിൽ നാശം വിതക്കുന്നത്. പ്രശ്നം രൂക്ഷമായിട്ടും പഞ്ചായത്തധികൃതർ അടക്കമുള്ളവരെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
പ്രദേശവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി ന്യൂനപക്ഷ മോർച്ച ജില്ലാ സിക്രട്ടറി ബേബി ജോസഫ്, മണ്ഡലംജനറൽ സിക്രട്ടറി സി. രജീഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. അയ്യൻകുന്നിലെ വാളത്തോട് മേഖലയിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി തീർക്കുന്ന കാട്ടാന ശല്യത്തിന് അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് ശാശ്വത പരിഹാരം കാണണമെന്ന് സ്ഥലം സന്ദർശിച്ച ബി ജെ പി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി ആവശ്യപ്പെട്ടു. വന്യമൃഗ ശല്യം മൂലം മേഖലയിലെ കർഷകർ കൃഷിയിടം ഉപേക്ഷിച്ച് പോകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. കാട്ടാനകകൾ കാർഷിക വിളകൾ നശിപ്പിച്ചിട്ടും ആരും തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാർ ഉന്നയിക്കുന്നതെന്നും അധികൃതരുടെ ഭാഗത്തുനിന്നും ഇതിനുള്ള ഇടപെടൽ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നും സത്യൻ കൊമ്മേരി ആവശ്യപ്പെട്ടു.
Post a Comment