കണ്ണൂര്‍ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ - ഓഗസ്റ്റ് 2024 - ഡെങ്കിപ്പനി വിരുദ്ധമാസാചരണം ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ പ്രദര്‍ശനവും നടത്തി.
ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ പീയുഷ് എം നമ്പൂതിരിപ്പാടിന്റെ നിര്‍ദേശ പ്രകാരം ഓഗസ്റ്റ് 2 നു രാവിലെ 11 മണിക്ക് കണ്ണൂർ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വച്ച് നടന്ന ചടങ്ങ് കണ്ണൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീമതി കെ എം സാബിറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ സച്ചിന്‍ കെ സി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ വെക്ടർ ബോർണ്‍ ഡിസീസ് കൺട്രോൾ ഓഫീസർ ഡോ ഷിനി കെ കെ, ബോധവൽക്കരണ ക്ലാസ് നയിച്ചു. അതോടൊപ്പം ജില്ലാ വെക്ടർ യൂണിറ്റ് കൺട്രോളിന്റെയും ജില്ലാ മാസ്സ് മീഡിയ വിഭാഗത്തിന്റെയും മേൽനോട്ടത്തിൽ തയ്യാറാക്കിയ ഡെങ്കിപനി വിരുദ്ധ നോട്ടീസ് പ്രകാശനവും നടന്നു.തുടർന്ന് ജില്ല വെക്ടര്‍ കണ്ട്രോള്‍ യൂനിറ്റ് ന്റെ ആഭിമുഖ്യത്തില്‍ കൊതുക് ജന്യ രോഗങ്ങളെ സംബന്ധിച്ച ബോധവൽക്കരണ പ്രദർശനവും നടന്നു. ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് ശ്രീ രാധാകൃഷ്ണന്‍ പി, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ബയോളജിസ്റ്റ് ശ്രീ രമേശൻ സി പി, ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ശ്രീ സുധീഷ് ടി, ആർദ്ര എസ് എസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഡെങ്കിപ്പനി :- ജില്ലയില്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം ആണ് ഉള്ളത്. ജില്ലയില്‍ ഇതുവരെയായി 3200 ഡെങ്കി പനി കേസുകള്‍ ഈ വര്ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ ചെറിയ ചെറിയ വെള്ളക്കെട്ടുകൾ ആയ ചിരട്ട, മുട്ടത്തോട്, വിറകുകൾ മൂടിവയ്ക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ എന്നിവിടങ്ങളിലെയും വീടുകൾക്ക് അകത്തുള്ള മണി പ്ലാൻറ് തുടങ്ങിയ ഇൻഡോർ ചെടികളിലെയും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയയിൽ കെട്ടിക്കിടക്കുന്നതുമായ ശുദ്ധജലത്തിലാണ് പൊതുവെ മുട്ടയിട്ട് വളരുന്നത്. കൊതുക് മുട്ടയിട്ടു കഴിഞ്ഞാൽ 7 മുതൽ 10 ദിവസം വരെ കൊണ്ട് ലാർവ വിരിഞ്ഞ് പുതിയ കൊതുകുകൾ പുറത്തുവരും.
ഡ്രൈ ഡേ
വീടുകളിലെയും മറ്റു പരിസരങ്ങളിലും ചെറിയ വെള്ളക്കെട്ടുകൾ നീക്കം ചെയ്യുകയും അതിനു അകത്ത് കൊതുക് വളരുന്നില്ല എന്ന് ആഴ്ച തോറും ഉറപ്പുവരുത്തുകയും ചെയ്യണം. ഇത്തരത്തിൽ ഉള്ള ഉറവിട നശീകരണം ആഴ്ച തോറും കൃത്യമായി നടത്തുന്നതിനായി ആഴ്ച്ചയിൽ ഒന്നു വീതം ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കണം.
ഡ്രൈ ഡേ ആചരിക്കേണ്ടത്
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ - വെള്ളിയാഴ്ച
- ഓഫീസ് , കടകൾ മറ്റു സ്ഥാപനങ്ങൾ - ശനിയാഴ്ച
- വീടുകളിൽ - ഞായറാഴ്ച
ഡെങ്കിപ്പനി വിരുദ്ധ പ്രതിജ്ഞ
ഡെങ്കിപ്പനി ഒരു ഗുരുതരമായ കൊതുകുജന്യ പകർച്ച വ്യാധിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ശുദ്ധജലത്തിൽ മുട്ടയിട്ട് പെരുകുകയും പകൽ കടിക്കുകയും ചെയ്യുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിയുണ്ടാക്കുന്നത് എന്ന് എനിക്ക് ബോധ്യമുണ്ട്. എൻറെ വീട്ടിലും പരിസരത്തും കൊതുകുകൾ മുട്ടയിട്ട് പെരുകുന്ന സാഹചര്യങ്ങളും വസ്തുക്കളും ഞാൻ ഒഴിവാക്കുമെന്നും കൊതുകുകളുടെ ഉറവിടങ്ങൾ നശിപ്പിക്കാൻ ആഴ്ചയിലൊരിക്കൽ ഡ്രൈഡേ ആചരിക്കുമെന്നും ഇതിനാൽ പ്രതിജ്ഞ ചെയ്യുന്നു.


Post a Comment