മാവോയിസ്‌റ്റ് നേതാവ് സി.പി. മൊയ്തീനെ അമ്പായത്തോട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി


ഇരിട്ടി: കഴിഞ്ഞ ദിവസം ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയ മാവോയിസ്‌റ്റ് നേതാവ് സി.പി. മൊയ്തീനെ അമ്പായത്തോട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി ആലപ്പുഴയിൽ നിന്നാണ് ഭീകര വിരുദ്ധ സ്‌ക്വാഡ് ( എ ടി എസ്) സി.പി. മൊയ്തീനെ പിടികൂടി അറസ്റ്റ് ചെയ്തത്. ഇയാളെ കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ അമ്പായത്തോട്, മേലെ പാൽ ചുരം, താഴെ പാൽ ചുരം, രാമച്ചി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. എറണാകുളത്ത് നിന്നും കനത്ത സുരക്ഷയിൽ ചൊവ്വാഴ്ച്ച പതിനൊന്നരയോടെയാണ്ഇയാളെ കൊട്ടിയൂർ അമ്പായത്തോട്ടിലെത്തിച്ചത്. കബനീ ദളം എന്നപേരിൽ അറിയപ്പെടുന്ന ഗ്രൂപ്പിലെ സി.പി. മൊയ്തീൻ ഉൾപ്പെടെയുള്ള മാവോവാദികൾക്കെതിരെ കേളകത്ത് നിരവധി കേസുകളുണ്ട്. ഇതിൽ എ ടി എസ് അന്വേഷിക്കുന്ന കേസുകളിലാണ് തെളിവെടുപ്പുണ്ടായത്.
അമ്പായത്തോട് പോസ്റ്റർ പതിച്ച കേസിലും, കേളകം പഞ്ചായത്തംഗം സജീവൻ പാലുമ്മിയെ രാമച്ചിയിലെ വീട്ടിൽ കയറി അക്രമിച്ച കേസിലുമാണ് സി.പി. മൊയ്തീനെ കേളകത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പഞ്ചായത്തംഗം സജീവൻ പാലുമ്മിയെ രാമച്ചിയിലെ വീട്ടിലെത്തി അക്രമിച്ച മാവോവാദി സംഘത്തിൽ മൊയ്തീനും ഉൾപ്പെട്ടിരുന്നു.  
എ ടി എസിന്റെ കസ്റ്റഡിയിൽ കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. രണ്ടരയോടെ അന്വേഷണ സംഘം പ്രതിയുമായി എറണാകുളത്തേക്ക് മടങ്ങി. തണ്ടർ ബോൾട്ട് സേനയുടെ അടക്കം സുരക്ഷയുടെ എത്തിച്ച തെളിവെടുപ്പിന് കേളകം, കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനുകളിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ മാരും അനുഗമിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement