തളിപ്പറമ്പ് നഗരസഭയിൽ ഹെപ്പറ്റിറ്റിസ് എ രോഗം വ്യാപകമായതിനെ തുടർന്ന് ഡിഎംഒ ഡോ പീയൂഷ് എം നമ്പൂതിരിപ്പാടിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡിഎംഒ ഡോ കെ.സി സച്ചിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് സംഘം സ്ഥലം സന്ദർശിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഡോ അനീറ്റ കെ ജോസി, ഡോ ലത, ഡോ അഷ്റഫ്, ടെക്‌നിക്കൽ അസിസ്റ്റന്റ് അബ്ദുൽ ജമാൽ, എപ്പിഡമിയോളജിസ്റ്റ് അഭിലാഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
തളിപ്പറമ്പ് നഗരസഭയിലെ ഒമ്പതാം വാർഡ് ഹിദായത്ത് നഗറിലെ രണ്ട് പേർ കഴിഞ്ഞദിവസം ഹെപ്പറ്റിറ്റിസ് എ ബാധിച്ച് മരണപ്പെട്ടിരുന്നു. ഒരാഴ്ച മുന്നെയാണ് ഇവർക്കു രോഗം സ്വീകരിച്ചത്. രണ്ടുപേരും കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവർക്ക് കരൾ അനുബന്ധ അസുഖങ്ങൾ കൂടി ഉണ്ടായിരുന്നതാണ് മരണകാരണമായതെന്നാണ് അനുമാനിക്കുന്നത്.
തളിപ്പറമ്പ് നഗരസഭയിലെ കോർട്ട് റോഡിലെ ഒരു ഷോപ്പിംഗ് കോംപ്ലക്‌സിലണ് രോഗം പൊട്ടി പുറപ്പെട്ടതായി കാണുന്നത്.
ഇവിടുത്തെ ടെക്‌സ്‌റ്റൈൽ ഷോപ്പ്, ട്യൂഷൻ സെന്റർ, കോംപ്ലക്‌സിലെ മറ്റു കടകളിലെ ജീവനക്കാർ, ഒരു ജ്യൂസ് ഷോപ്പ് എന്നിവിടങ്ങളിലാണ് ഹെപ്പറ്റിറ്റിസ് എ ആദ്യം റിപ്പോർട്ട് ചെയ്തത്.
ഇവിടേക്ക് പൊതുവായി വെള്ളം എടുക്കുന്ന കിണറിൽ മലത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ഇ-കോളി ബാക്ടീരിയ പിന്നീട് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി. ഹെപ്പറ്റിറ്റിസ് എ ഈ വെള്ളത്തിൽ ഉണ്ടായിരുന്നിരിക്കാം എന്ന് ഇത് സൂചിപ്പിക്കുന്നു. വെള്ളത്തിൽ നിന്ന് നേരിട്ട് ഹെപ്പറ്റിറ്റിസ് എ വൈറസിനെ വേർതിരിച്ചെടുക്കുന്നത് പ്രയാസമാണ്.
പിന്നീട് ഈ ട്യൂഷൻ സെൻററിലെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ മറ്റു കുട്ടികൾ, അവരുടെ വീടുകളിലെ ആൾക്കാർ എന്നിവർക്ക് അസുഖം പകർന്നു. ഈ ഷോപ്പിംഗ് കോംപ്ലക്‌സിൽ നിന്നും അസുഖം പകർന്നു കിട്ടിയ മറ്റു രോഗികളുടെ വീടുകളിലും ഈ അസുഖം പകരുന്ന സാഹചര്യമുണ്ടായി.
Post a Comment