ഇരിട്ടി: കർണ്ണാടകത്തിൽ നിന്നും കൂട്ടുപുഴ വഴി കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം  പിടികൂടി അറസ്റ്റു ചെയ്‌തു. അഴീക്കൽ സ്വദേശികളായ മുഹമ്മദ് ഷാനിസ് ഫർവാൻ (23), മുഹമ്മദ് ഷാനിദ് (23 ) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 20.829 ഗ്രാം എം ഡി എം എ എക്സൈസ് സംഘം പിടികൂടി. 
ശനിയാഴ്ച കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ  അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്തും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലാകുന്നത്. കാറിൽ സംശയാസ്പദമായ രീതിയിൽ യുവാക്കളെ കണ്ടതിനെത്തുടർന്ന് ഇവർ കണ്ണൂർ എക്സൈസ്  സ്കോഡ് സർക്കിൾ ഇൻസ്പെക്റ്റർ സി. സാബുവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്‌ക്വാഡും കൂട്ടുപുഴ ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും എം ഡി എം എ കണ്ടെത്തുന്നത്. വിൽപ്പനക്കായി എം ഡി എം എ കൊണ്ടുവരികയായിരുന്നു എന്നാണ് ഇവർ എക്സൈസ് സംഘത്തോട് പറഞ്ഞത്. വിൽപ്പനക്കായി ഉപയോഗിക്കുന്ന അളവ് തൂക്ക മെഷീനും കാറിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവർക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസ്സെടുത്തു. 10 വര്ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.  
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) കെ.വി.റാഫി, കെ.സി. ഷിബു, പ്രിവന്റീവ് ഓഫീസർ സി. എം. ജയിംസ്, കെ.വി. ഷാജിമോൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് എം. ബിജേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം. സുബിൻ, പി.ടി. ശരത്, റിനീഷ് ഓർക്കാട്ടേരി, ഡബ്ള്യു സി ഇ ഒ എം. മുനീറ, എ.വി. രതിക , എ ഇ ഐ ഗ്രേഡ്  എക്സൈസ് ഡ്രൈവർ അജിത്ത്  എന്നിവറം എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
 

Post a Comment