ക്ഷേമനിധി; വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു




സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള 2024 ലെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ വലിയ സ്വപ്നങ്ങള്‍ കണ്ട് ഏത് തിരിച്ചടിയേയും മറികടന്ന് മുന്നേറാന്‍ കഴിവുള്ളവരായി വളരണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍ അധ്യക്ഷനായി. എസ്.എസ്.എല്‍.സി പരീക്ഷയില്‍ 80 ശതമാനം മാര്‍ക്കോടെ വിജയിച്ച് റഗുലര്‍ ഹയര്‍ സെക്കന്ററിതല പഠനത്തിനോ റഗുലര്‍ കോഴ്‌സുകളില്‍ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും റഗുലര്‍ പ്രഫഷണല്‍ കോഴ്‌സുകള്‍, ബിരുദ - ബിരുദാനന്തര കോഴ്‌സുകള്‍, ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന വിദ്യാര്‍ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്. 95 വിദ്യാര്‍ഥികളാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. കണ്ണൂര്‍ കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍
മുഖ്യപ്രഭാഷണം നടത്തി. കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ ഹരീഷ, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ ടി പ്രദീപന്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികളായ മടപ്പള്ളി ബാലകൃഷ്ണന്‍, ജിന്‍സ് മാത്യു, എം മനോജ്, പി.പി പ്രേമന്‍, പ്രേംജിത്ത് പൂച്ചാലി, എന്‍.കെ ബിജു, പി ഉമേശന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement