ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പട്ടയമേള പുതിയ ചരിത്രം കുറിക്കുകയാണ്. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി അഴിക്കോട് നിയോജക മണ്ഡലത്തില്‍ നടന്ന പട്ടയമേളയില്‍ 76 പേര്‍ കൂടി ഭൂമിയുടെ അവകാശികളായി. പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കൂത്തുപറമ്പില്‍ 61, പയ്യന്നൂര്‍ 10 ഉള്‍പ്പെടെ 71 എല്‍ടി പട്ടയങ്ങളും അഞ്ച് എല്‍എ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ എത്തുകയാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ഒമ്പത് വര്‍ഷം കൊണ്ട് സംസ്ഥാനത്താകെ 409000 പട്ടയങ്ങള്‍ വിതരണം ചെയ്തുകഴിഞ്ഞു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ ഇതിനോടകം 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂമി സംബന്ധിച്ച ഒരുതര്‍ക്കവും സംസ്ഥാനത്തെവിടെയും ഉണ്ടാകില്ല. കേരളം നേരിടുന്ന വലിയ പ്രശ്നത്തിനാണ് ഇതോടെ ശാശ്വത പരിഹാരമാവുക. ശാസ്ത്രീയമായ സര്‍വേ വഴി ഏതൊരു ഭൂമി സംബന്ധിച്ച വിവരവും സുതാര്യമാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മനുഷ്യരെയും ഭൂമിയുടെ ഉടമകളാക്കുക എന്ന മഹാപ്രക്രിയയാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണ് നവകേരളം. അതിനായി രൂപീകരിച്ച പട്ടയ മിഷനും പട്ടയ മിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും ഓരോ മണ്ഡലത്തിലെയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ചിറക്കല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ കെ.വി.സുമേഷ് എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.സരള, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി ജിഷ, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശ്രുതി, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുശീല, നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്‍, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം കെ.കെ നാരായണന്‍, എഡിഎം കലാഭസ്‌കര്‍, കണ്ണൂര്‍ എല്‍ ആര്‍ തഹസില്‍ദാര്‍ എം.കെ മനോജ് കുമാര്‍, പി രമേശ് ബാബു, എം അനില്‍കുമാര്‍, പി.ടി രത്‌നാകരന്‍, അഷറഫ് പഴഞ്ചിറ, രത്‌നാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment