സാക്ഷരത പഠിതാവ് പി. ജാനകിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു




തൊഴിലുറപ്പ് തൊഴിലാളിയായ സാക്ഷരത പഠിതാവ് പി. ജാനകിയുടെ 'പൊൻ പുലരിയിൽ' കവിതാ സമാഹാരം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി പ്രകാശനം ചെയ്തു. പി ജാനകിയുടെ നേട്ടം സാക്ഷരതാ പ്രവർത്തനങ്ങൾക്ക് വലിയ പ്രചോദനമാണെന്നും ചെറു പ്രായത്തിൽത്തന്നെ പഠന സാഹചര്യം ലഭിച്ചിരുന്നെങ്കിൽ അറിയപ്പെടുന്ന ഒരു കവയത്രി ആകുമായിരുന്നെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനൻ പുസ്തകം ഏറ്റുവാങ്ങി. കൈരളി ബുക്‌സാണ് പ്രസാധകർ.

കഠിനമായ ജീവിത സാഹചര്യങ്ങളിൽ പഠിക്കാൻ സാധിക്കാതിരുന്ന ജാനകിയുടെ ജീവിതത്തിന്റെ വഴിത്തിരിവ് നൽകിയത് സാക്ഷരതാ മിഷനാണ്. തന്റെ അൻപതുകളിലാണ് അവർ ജീവിതത്തോട് പൊരുതി തുല്യതാ പരീക്ഷയിലൂടെ ആദ്യം നാലാം ക്ലാസും പിന്നീട് ഏഴാം ക്ലാസും 2017 ൽ പത്താം ക്ലാസും പാസായത്.

'വാത്മീകിയിൽ നിന്നും എഴുത്തച്ഛനിലേക്കുള്ള ദൂരം മനുഷ്യനിൽ നിന്നും ദൈവത്തിലേക്കുള്ളതാണ്' എന്ന് തുടങ്ങുന്ന 'രാമന്റെ വഴി', 'കറുത്ത കൈ', 'സമൂഹ അനീതികൾ', 'മഹാത്മാവിന്റെ ജീവിതം', 'മുത്തുമണി', 'കൊറോണ' തുടങ്ങിയ 44 കവിതകളാണ് 'പൊൻപുലരി' സമാഹാരത്തിൽ അടങ്ങിയിരിക്കുന്നത്. ചെങ്ങളായി, തോപ്പിലായി സ്വദേശിനിയാണ് ജാനകി. 

ജില്ലാ സാക്ഷരത മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. കൈരളി ബുക്‌സ് എഡിറ്റർ എ.വി പവിത്രൻ മാസ്റ്റർ ആമുഖ പ്രഭാഷണം നടത്തി. 'അറിവിന്റെ വെളിച്ചമേ പറയൂ...' എന്നു തുടങ്ങുന്ന പി. ജാനകിയുടെ കവിത ആലപിച്ചുകൊണ്ട് പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്റർ പുസ്തക പരിചയവും നടത്തി. ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്ററെ ആദരിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം ശോഭന, ജില്ലാപഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൺ ജോൺ, സാമൂഹ്യനീതി ഓഫീസർ പി ബിജു, സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഷാജു ജോൺ, അസിസ്റ്റന്റ് കോ ഓർഡിനേറ്റർ ടി.വി ശ്രീജൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement