കതിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നാടിന് സമര്‍പ്പിച്ചു




അറുനൂറോളം വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടായി മാറുന്ന അത്ഭുതകരമായ മാറ്റത്തിലേക്ക് കേരളം മാറുകയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കതിരൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തിന്റെ സര്‍വെ സൊല്യൂഷന്‍ രാജ്യത്തിന്റെതന്നെ ശ്രദ്ധയാകര്‍ഷിച്ച ഒന്നാണെന്നും ഭൂ ഭരണത്തില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭാ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ അധ്യക്ഷനായി. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും രേഖ എന്നത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കുകയാണെന്നും സാങ്കേതിക തടസ്സങ്ങളെ പൂര്‍ണമായും പരിഹരിച്ച് എല്ലാ സേവനങ്ങളും ലളിതവല്‍ക്കരിക്കാനാണ് സ്മാര്‍ട്ട് വില്ലേജിലൂടെ ലക്ഷ്യമിടുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ ഒന്നര സെന്റ് സ്ഥലം വിട്ടുനല്‍കിയ കെ. ഷൈമ, കരാറുകാരന്‍ കെ.എ ഫൈസല്‍ എന്നിവര്‍ക്കുള്ള ഉപഹാരവും സ്പീക്കര്‍ നല്‍കി.
ഒരു നിലയുള്ള കെട്ടിടത്തിന്റെ ആകെ വിസ്തീര്‍ണം 117.3 ചതുരശ്ര മീറ്ററാണ്. 44 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്. പുതിയ വില്ലേജ് ഓഫീസില്‍ ആധുനിക രീതിയിലുള്ള വെയ്റ്റിംഗ് റൂം, ഓഫീസര്‍ റൂം, ഡോക്യുമെന്റ് റൂം, ഡൈനിംഗ് ഹാള്‍ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷാജി തയ്യില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി സനില്‍, തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, എ ഡി എം കല ഭാസ്്കര്‍, തലശ്ശേരി തഹസില്‍ദാര്‍ എം വിജേഷ്, പുത്തലത്ത് സുരേഷ് ബാബു, എം എസ് നിഷാദ്, എം.പി അരവിന്ദാക്ഷന്‍, ചെറിയാണ്ടി ബഷീര്‍, കെ രജീഷ്, വി സത്യലാല്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement