എ കെ ജി സ്മൃതികളുമായി പെരളശ്ശേരിയിൽ മ്യൂസിയം ഒരുങ്ങുന്നു



പെരളശ്ശേരിയിൽ എകെജിയുടെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ തുടിക്കുന്ന മ്യൂസിയം ഉദ്ഘാടന സജ്ജമാവുന്നു. എ കെ ജിയുടെ ജീവിത ചരിത്രം പുതു തലമുറയ്ക്ക് പകർന്ന് നൽകാൻ ലക്ഷ്യമിട്ട്, പെരളശ്ശേരി തൂക്കുപാലത്തിന് സമീപം സർക്കാർ ഏറ്റെടുത്ത 3.21 ഏക്കർ സ്ഥലത്താണ് മ്യൂസിയം നിർമ്മിച്ചിരിക്കുന്നത്.
2021 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചത്. ആദ്യഘട്ടത്തിൽ 6.59 കോടി രൂപ ചിലവിട്ട് 10737 ചതുരശ്ര അടി വിസ്തൃതിയുള്ള ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണം നടത്തിയത്. ഇലക്ട്രിക്കൽ പ്രവൃത്തിയും സംരക്ഷണഭിത്തിയുടെ നിർമ്മാണവും പൂർത്തിയായി കഴിഞ്ഞു. നിലവിൽ മ്യൂസിയത്തിന്റെ പ്രവൃത്തികൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

ആധുനിക മ്യൂസിയം സങ്കൽപ്പത്തോടുകൂടിയ ഏഴ് ഗാലറികൾക്ക് പുറമെ ഡിജിറ്റൽ ലൈബ്രറി, ഓഫീസ്, വിശ്രമമുറി, ശുചി മുറികൾ, കോൺഫറൻസ് ഹാൾ, കോഫി ഹൗസിന്റെ ചെറിയ പതിപ്പ് തുടങ്ങിയവയോട് കൂടിയതാണ് മ്യൂസിയം. ഫോട്ടോകൾ, ചിത്രങ്ങൾ, രേഖകൾ, ദൃശ്യങ്ങൾ തുടങ്ങിയവയ്ക്കൊപ്പം ഓഗ്മെന്റഡ് റിയാലിറ്റി, ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി എന്നിവയുടെ കൂടി സഹായത്തോടെയാണ് എ കെ ജിയുടെ ജീവിതവും സമര പോരാട്ടങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. എ കെ ജിയെക്കുറിച്ചുള്ള ഡോക്യുമെന്ററികളും ഇവിടെ പ്രദർശിപ്പിക്കും. രണ്ടാം ഘട്ടത്തിൽ പാർക്ക് നിർമ്മാണം, തൂക്ക് പാലം വരെ ലാന്റ് സ്‌കേപ്പ് നിർമ്മാണം തുടങ്ങിയ പ്രവൃത്തികൾ നടത്തും. സ്ഥലമേറ്റെടുപ്പ് മുതൽ കെട്ടിടത്തിന്റെയും മ്യൂസിയത്തിന്റെയും നിർമ്മാണ പ്രവൃത്തിയുൾപ്പെടെ 25 കോടി രൂപ ചിലവഴിച്ചാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ എ കെ ജി മ്യൂസിയം സജ്ജമാക്കുന്നത്. വരുന്ന ഡിസംബറോടെ കൂടി മ്യൂസിയത്തിന്റെ മുഴുവൻ പ്രവൃത്തികളും പൂർത്തീകരിച്ച് ഉദ്ഘാടന സജ്ജമാകുമെന്ന് പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബ പറഞ്ഞു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement