തളിപ്പറമ്പ് : തയ്യിലിലെ ഒന്നരവയസ്സുകാരൻ വിയാനെ അമ്മ ശരണ്യ കടലിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പോലീസും പ്രൊസിക്യൂഷനും ചേർന്ന് ഹാജരാക്കിയത് 47 സാക്ഷികളെ. 81 രേഖകളും 19 തൊണ്ടിമുതലുകളും കോടതിയിലെത്തിയിരുന്നു. പ്രതിക്ക് വധശിക്ഷ വേണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതി പരിഗണിച്ചില്ല. മാത്രവുമല്ല 109, 120 ബി എന്നീ വകുപ്പുകളിൽ നിന്നും ഒന്നും രണ്ടും പ്രതികളെ കുറ്റവിമുക്തരാക്കുകയും ചെയ്തു.
ഒന്നാം പ്രതിയുടെ പേരിലുള്ള സെക്ഷൻ 302 മാത്രമേ നിലനിന്നുള്ളു. ശരണ്യ കുറ്റംചെയ്യുമ്പോഴുള്ള പ്രായം, മുൻപ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന റിപ്പോർട്ട്, ദരിദ്രമായ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, ദാമ്പത്യപ്രശ്നവുമായി ബന്ധപ്പെട്ടുള്ള മാനസികാവസ്ഥ ഉൾപ്പെടെ കോടതിയുടെ മുന്നിൽ പരിഗണനാവിഷയങ്ങളായിരുന്നു.
വധശിക്ഷയ്ക്ക് വേണ്ടി വാദിച്ചു എന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഡ്വ. യു. രമേശൻ പറഞ്ഞു. കോടതിവിധി അംഗീകരിക്കുന്നു. പ്രേരണയും ഗൂഢാലോചന കുറ്റവും കോടതി തള്ളിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു .
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധിയാണിതെന്ന് എന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ. മഞ്ജു ആൻറണി പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പോലുമില്ല. രണ്ടാം പ്രതിയുടെ പ്രേരണയാൽ എന്നാണ് പറയുന്നത്, ആ രണ്ടാം പ്രതിയെ വെറുതേവിട്ടു. ഒരമ്മ ഒരിക്കലും കുഞ്ഞിനെ കൊല്ലില്ല. അമ്മയ്ക്ക് കുഞ്ഞിനോട് വിരോധമുള്ളതായി ഒരു സാക്ഷിയും പറഞ്ഞിട്ടില്ല. വിധി പഠിച്ച് തുടർനടപടികളുണ്ടാകുമെന്നും അവർ പറഞ്ഞു.

Post a Comment