സ്വകാര്യത വെച്ച് കളിക്കാൻ അനുവദിക്കില്ല, നിയമം പാലിക്കാൻ പറ്റില്ലെങ്കിൽ രാജ്യം വിടാം; മെറ്റക്ക് സുപ്രീംകോടതിയുടെ താക്കീത്



ന്യൂഡൽഹി: വാട്ട്‌സ്ആപ്പിന്റെ മാതൃകമ്പനിയും ആഗോള ടെക് ഭീമനുമായ മെറ്റക്ക് ശക്തമായ താക്കീതുമായി സുപ്രീംകോടതി രംഗത്ത്. വാണിജ്യ ആവശ്യങ്ങൾക്കായി വ്യക്തിവിരങ്ങൾ പങ്കുവെക്കുന്നത് അനുവദിക്കാനാകില്ലെന്നും രാജ്യത്തെ നിയമങ്ങൾ പാലിക്കാനാകില്ലെങ്കിൽ സേവനം അവസാനിപ്പിച്ച് മടങ്ങാമെന്നും കോടതി വ്യക്തമാക്കി. മെറ്റയുടെ ഡേറ്റാ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങളിൽ ഇടപെട്ടുകൊണ്ടാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

“രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കാൻ നിങ്ങളെ അനുവദിക്കില്ല. ഞങ്ങളുടെ ഡേറ്റയിൽനിന്ന് ഒരു അക്കം പോലും പങ്കിടാൻ അനുവദിക്കില്ല. നിയമം പാലിക്കണം, ഇന്ത്യയിലെ നിയമങ്ങൾ പാലിക്കാൻ മെറ്റ തയാറാകണം. അതിന് കഴിയില്ലെങ്കിൽ കമ്പനിക്ക് ഇന്ത്യ വിട്ടുപോകാം” -ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയങ്ങളിലെ മാറ്റങ്ങളും ഉപയോക്താക്കളുടെ വിവരങ്ങൾ ഫേസ്ബുക്ക് പോലുള്ള മറ്റ് മെറ്റാ പ്ലാറ്റ്‌ഫോമുകളുമായി പങ്കിടാനുള്ള നീക്കവുമാണ് കോടതിയെ ചൊടിപ്പിച്ചത്. ഇത് വിപണിയിലെ സ്വാധീനം ദുരുപയോഗം ചെയ്യലാണെന്ന വാദവും ശക്തമാണ്.

വാട്ട്‌സ്ആപ്പിന്റെ 2021ലെ സ്വകാര്യതാ നയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് നിയമപോരാട്ടം നടക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റ് ബിസിനസ്സ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാൻ കോമ്പറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) നേരത്തെ നടപടികൾ സ്വീകരിച്ചിരുന്നു. കേസിൽ 213.14 കോടി രൂപ കമീഷൻ പിഴ വിധിച്ചിരുന്നു. ഇതിനെതിരെ മെറ്റ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയുടെ ഈ പരാമർശങ്ങൾ. ഇന്ത്യൻ പൗരരുടെ സ്വകാര്യ വിവരങ്ങൾ ലാഭത്തിനുവേണ്ടി മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നതിനോ, രാജ്യത്തെ നിയമങ്ങളെ മറികടക്കുന്നതിനോ അനുവദിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് പരമോന്നത കോടതി മെറ്റക്ക് നൽകിയത്.

ബിസിനസ്സ് താൽപര്യങ്ങൾക്കോ സാങ്കേതിക വിദ്യയുടെ പേരോ പറഞ്ഞ് പൗരരുടെ സ്വകാര്യാവകാശങ്ങളിൽ യാതൊരുവിധ വിട്ടുവീഴ്ചയും ചെയ്യാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഡേറ്റാ ഷെയറിങ് എന്ന പേരിൽ വ്യക്തിവിവരങ്ങൾ കൈമാറുന്നതിലൂടെ ജനങ്ങളുടെ സ്വകാര്യതയിൽ ഇടപെടാൻ അനുവദിക്കില്ലെന്ന് മെറ്റയോട് കോടതി പറഞ്ഞു.ടെക് ഭീമന്മാരുടെ ഇത്തരം നയങ്ങൾക്കെതിരെ കോടതി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. കേസിൽ ഫെബ്രുവരി 10 ന് ഉത്തരവിറക്കുമെന്ന് ബെഞ്ച് അറിയിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement