തളിപ്പറമ്പ്: ബക്കളം വയലിൽ 6 അടിയോളം ഉയരത്തിൽ വളർന്നുയർന്ന സൂര്യകാന്തിപ്പാടം പൂത്തുലഞ്ഞതിന്റെ മനോഹാരിതയാണിപ്പോൾ. നാലായിരത്തോളം ചുവടുകളിൽ നട്ട സൂര്യകാന്തി ചെടികളുടെ ആദ്യ ബാച്ചാണ് ഇപ്പോൾ പൂത്തുലഞ്ഞത്. പാലിയേക്കർ കൃഷി രീതിയിലൂടെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ദേയനായ ബക്കളത്തെ ജൈവ കർഷകൻ അനിൽകുമാറാണ് 25 സെന്റ് സ്ഥലത്ത് സൂര്യകാന്തി ചെടികളുടെ ഹൈബ്രിഡ് വിത്തുകൾ പരീക്ഷണാടിസ്ഥാനത്തിൽ നട്ടത്. വളർന്ന് പൊങ്ങിയ സൂര്യകാന്തിച്ചെടികൾ പൂത്തപ്പോൾ വിത്തുകൾ ഉൾപ്പെടെ ഒന്നര കിലോഗ്രാമോളം വരുന്ന പൂക്കളാണ് ഓരോ ചെടിയിലും വിരിഞ്ഞത്. കഴിഞ്ഞ വർഷങ്ങളിൽ ചെറിയ തോതിൽ സൂര്യകാന്തി നട്ടിരുന്നെങ്കിലും ഹൈബ്രിഡ് വിത്തുകൾ ഉപയോഗിച്ച് വിപുലമായ കൃഷി ആദ്യമായാണ് ചെയ്യുന്നതെന്ന് അനിൽകുമാർ പറഞ്ഞു.
സുഹൃത്തും മയ്യിൽ സ്വദേശിയുമായ ലക്ഷ്മണൻ ചെയ്ത സൂര്യകാന്തിക്കൃഷി കണ്ടാണ് പച്ചക്കറിക്കർഷകനായിരുന്ന അനിൽ ഇത്തവണ ചുവടുമാറ്റിയത്. ലക്ഷ്മണൻ സൂര്യകാന്തിക്കൃഷി ചെയ്തതിനൊപ്പം തന്നെ ഇവയുടെ വിത്തുകൾ ഉപയോഗിച്ച് എണ്ണ ഉൽപാദിപ്പിച്ച് വിൽപന നടത്തുകയും ചെയ്തിരുന്നു. ഇത്തരത്തിൽ സൂര്യകാന്തി വിത്തുകൾ ഉപയോഗിച്ച് സൺഫ്ലവർ ഓയിൽ ഉൽപാദിപ്പിക്കാനാണ് അനിൽകുമാറിന്റെയും പരിശ്രമം.
ആദ്യത്തെ ബാച്ചുകൾ വിരിഞ്ഞശേഷം 2 തവണകളായി പിന്നീടുള്ള ബാച്ചിലെ ചെടികളും വിരിയുന്ന രീതിയിലാണ് വിത്തുകൾ പാകിയത്. വിത്തുകൾ നട്ട ഉടനെ കോഴിവളം നൽകിയതല്ലാതെ പിന്നീട് കാര്യമായി ജലസേചനം മാത്രമാണ് നടത്തിയതെന്നും ഒന്നര കിലോഗ്രാംവരെ വരുന്ന സൂര്യകാന്തിപ്പൂക്കൾ വിരിയുന്നത് അപൂർവമാണെന്നും അനിൽ പറയുന്നു. ഇതോടൊപ്പം പച്ചക്കറിക്കൃഷിയും തുടരുന്ന അനിൽ ഒന്നര ഏക്കറോളം സ്ഥലത്ത് ചീര കൃഷി ചെയ്യുന്നുണ്ട്. സീനിയ, മത്തൻ, കുമ്പളം, ബ്രോക്കോളി തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്.

Post a Comment