തുടർച്ചയായ രണ്ടാംമാസവും റേഷൻ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞു ; ഫെബ്രുവരിയിൽ റേഷൻ വാങ്ങിയത് 78.93% കാർഡ് ഉടമകൾ മാത്രം



ആലപ്പുഴ :- സംസ്ഥാനത്ത് റേഷൻ വാങ്ങുന്നവരുടെ എണ്ണം തുടർച്ചയായ മാസങ്ങളിൽ 80 ശതമാനത്തിൽ താഴെ. ഫെബ്രുവരിയിലേക്കുള്ള റേഷൻ വിതരണം ഇന്നലെ അവസാനിച്ചപ്പോൾ 78.93% കാർഡ് ഉടമകൾ മാത്രമാണ് റേഷൻ വാങ്ങിയത്. ജനുവരിയിൽ വാങ്ങിയവർ 79.75%. മുൻഗണനേതര വിഭാഗത്തിലെ റേഷൻ അരി വിഹിതം കുറഞ്ഞതാണു റേഷൻ വിതരണം ഇടിയാൻ കാരണം. ആകെയുള്ള 95,43,599 കാർഡ് ഉടമകളിൽ ഫെബ്രുവരിയിൽ 75,33,600 പേർ മാത്രമാണ് റേഷൻ വാങ്ങിയത്. കഴിഞ്ഞ ആറുമാസങ്ങൾക്കിടയിൽ രണ്ടു തവണ മാത്രമാണ് 80 ശതമാനത്തിലേറെ റേഷൻ വിതരണം നടന്നത്. സെപ്റ്റംബർ-75.76%, ഒക്ടോബർ- 77.97%, നവംബർ - 82.73%, ഡിസംബർ-85.40% എന്നിങ്ങനെയായിരുന്നു മറ്റു മാസങ്ങളിലെ റേഷൻ വിതരണം.

കൂടുതൽ റേഷൻ വിൽപന നടന്ന ഡിസംബറിൽ മുൻഗണനേതര വിഭാഗത്തിലെ വെള്ള കാർഡുകാർക്ക് 10 കിലോഗ്രാം അരിയും നീല കാർഡുകാർക്ക് 5 കി ലോഗ്രാം അരിയും അധികമായി നൽകിയിരുന്നു. നവംബറിൽ വെള്ള കാർഡിന് 3 കിലോഗ്രാം അരിയും അധികമായി നൽകിയിരുന്നു. മുൻഗണനേതര വിഭാഗത്തിന് അരി വിഹിതം കൂടിയതോടെ കൂടുതൽ പേർ റേഷൻ വാങ്ങാനെത്തിയതിനാലാണ് ആ മാസങ്ങളിൽ 80 ശതമാനത്തിനു മുകളിൽ വിൽപന നടന്നത്. വെള്ള, നീല കാർഡുകാർക്കുള്ള അരി വിഹിതം കുറയുന്നതു റേഷൻ വിതരണത്തെ ബാധിക്കുന്നെന്നും അധിക വിഹിതം അനുവദിക്കണമെന്നും റേഷൻ വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. റേഷൻ വിതരണം കുറയുന്നതോടെ വ്യാപാരികളുടെ കമ്മിഷനും കുറയും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement