കണ്ണൂർ: മുൻ ആരോഗ്യമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ
കെ കെ ശൈലജക്ക് ഈ നിയമസഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ മട്ടന്നൂർ നൽകില്ല. പകരം പേരാവൂരിൽ സ്ഥാനാർഥിയാക്കാൻ പാർട്ടി കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
സി.പി.എമ്മിന്റെ ഉറച്ച സീറ്റായ മട്ടന്നൂരിൽ വിജയം ഉറപ്പായാതിനാലാണ് ശൈലജ ഈ സീറ്റ് ചോദിച്ചത്. എന്നാൽ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയാണ് പാർട്ടി ഈ സീറ്റിലേക്ക് പരിഗണിച്ചത്. പകരം, കെ.പി.സി.സി പ്രസിഡന്റായ സണ്ണി ജോസഫ് തുടർച്ചയായി ജയിച്ചുവരുന്ന പേരാവൂരാണ് ശൈലജക്ക് നൽകിയത്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനപ്രകാരം ചേർന്ന കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
മട്ടന്നൂർ ഇല്ലെങ്കിൽ മത്സരത്തിനില്ലെന്ന നിലപാടിലായിരുന്ന ശൈലജ ഒടുവിൽ, പാർട്ടി നിർദേശിച്ചാൽ പേരാവൂരിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ മത്സരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. മുമ്പ് പേരാവൂർ എം.എൽ.എയായിരുന്നു ശൈലജ.
കണ്ണൂർ ജില്ലയിൽ സി.പി.എം മത്സരിക്കുന്ന എട്ട് മണ്ഡലങ്ങളിൽ കഴിഞ്ഞയാഴ്ചയാണ് സാധ്യത പട്ടിക തയാറാക്കി സംസ്ഥാന കമ്മിറ്റിക്ക് വിട്ടത്. ധർമടത്ത് പിണറായി വിജയനു പുറമെ തലശ്ശേരി കാരായി രാജൻ, മട്ടന്നൂർ വി.കെ. സനോജ്, തളിപ്പറമ്പ് പി.കെ. ശ്യാമള, അഴീക്കോട് കെ.വി. സുമേഷ്, കല്യാശ്ശേരി എം.വിജിൻ, പയ്യന്നൂർ ടി.ഐ. മധുസൂദനൻ എന്നിങ്ങനെയാണ് ഈ പട്ടിക. 2021ൽ തലശ്ശേരിയിൽ എ.എൻ. ഷംസീർ, പേരാവൂരിൽ സക്കീർ ഹുസൈൻ എന്നിങ്ങനെയായിരുന്നു സി.പി.എമ്മിലെ ന്യൂനപക്ഷ പ്രാതിനിധ്യം.

Post a Comment