തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീപിടിത്തം; നിയന്ത്രണ വിധേയമെന്ന് അധികൃതർ



തിരുവനന്തപുരം:തിരുവനന്തപുരം മെഡിക്കൽകോളജിൽ തീപിടുത്തം. മൾട്ടി സ്‌പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളെ തൊട്ടടുത്തുള്ള ഐ.സി.യുവിലേക്ക് മാറ്റുകയാണ്. അഗ്നിശമന സേന ആശുപത്രിയിലെത്തിയിലെത്തിയിട്ടുണ്ട്. ഈ ബ്ലോക്കിൽ 33 രോഗികളുണ്ടായിരുന്നുവെന്നാണ് വിവരം. എല്ലാവരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

അതേസമയം, തീപിടുത്തം നിയന്ത്രണ വിധേയമായെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. നാല് യൂണിറ്റ് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീയണച്ചത്. ഒന്നാം നിലയിലെ വെന്റിലേറ്റർ യൂണിറ്റിൽ നിന്നാണ് തീ പടർന്നതെന്ന് ഫയർഫോഴ്‌സ് സ്ഥിരീകരിച്ചു. ഒരു വെന്റിലേറ്റർ മെഷീനിലുണ്ടായ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും എല്ലാ രോഗികളും സുരക്ഷിതരാണെന്നും റീജണൽ ഫയർ ഓഫീസർ അറിയിച്ചു.

എന്നാൽ കനത്തപുക രോഗികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല. ആശുപത്രിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. ഫയർഫോഴ്‌സും ആശുപത്രി ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.

Post a Comment

Previous Post Next Post

Join Whatsapp

Advertisement